മലപ്പുറം: പ്രളയകാലത്ത് ദുരിതത്തിലായ നിലമ്പൂർ നിവാസികൾക്ക് വയനാട് എം.പി. രാഹുല്‍ഗാന്ധി നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാത്ത നിലയില്‍ കെട്ടിക്കിടക്കുന്നു. അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പുഴുവരിച്ച നിലയിലാണ്. കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിക്ക് നല്‍കിയ ഭക്ഷ്യധാന്യങ്ങളാണ് നിലമ്പൂര്‍ പഴയ നഗരസഭാ ഓഫീസിന് മുമ്പിലെ വാടക കടമുറിയില്‍ കെട്ടിക്കിടക്കുന്നത്.
പ്രദേശത്തേക്ക് രാഹുല്‍ ഗാന്ധി വലിയ തോതിലുള്ള സഹായം എത്തിച്ചിരുന്നു. ഇത്തരത്തില്‍ എത്തിയ സാധനങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അനാസ്ഥ മൂലം നശിക്കുന്നത്. ഭക്ഷ്യധാന്യങ്ങള്‍, പുതപ്പ്, വസ്ത്രങ്ങള്‍ എന്നിവയാണ് കടമുറിയില്‍ വിതരണം ചെയ്യാതെ കിടക്കുന്നത്. പാവങ്ങള്‍ക്കുള്ള ഭക്ഷ്യക്കിറ്റുകള്‍ പൂഴ്ത്തിവെച്ച കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.എം. ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്ന ആളുകള്‍ മുറിതുറന്ന് നോക്കിയപ്പോഴാണ് ഭക്ഷ്യവസ്തുക്കള്‍ കെട്ടിക്കിടക്കുന്നത് കണ്ടത്. സംഭവം അറിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കടമുറി പൂട്ടിയിട്ടു. ബുധനാഴ്ച വീണ്ടും തുറന്ന് പരിശോധിച്ചപ്പോഴാണ് ഭക്ഷ്യവസ്തുക്കള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച പ്രദേശമാണ് രാഹുല്‍ ഗാന്ധി എം.പിയുടെ മണ്ഡലം കൂടിയായ നിലമ്പൂര്‍ ഉള്‍പ്പെട്ട വയനാട്. വസ്തുക്കള്‍ പൂഴ്ത്തിവെച്ചത് തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്യാനായിരുന്നുവെന്നും കൊവിഡ് സമയത്ത് പോലും ഇവ വിതരണം ചെയ്യാനുള്ള ശ്രമമുണ്ടായില്ലെന്നും സിപിഎം ആരോപിക്കുന്നു. ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും കിറ്റുകള്‍ വിതരണം ചെയ്യാന്‍ പ്രാദേശിക നേതൃത്വത്തെ ഏല്‍പ്പിച്ചിരുന്നുവെന്നും സംഭവം അന്വേഷിച്ച് വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിസിസി പ്രസിഡന്‍റ് വി.വി പ്രകാശ് വ്യക്തമാക്കി.