മലപ്പുറം: ചുങ്കത്തറ പഞ്ചായത്ത് ഓഫീസിൽ സൂക്ഷിച്ചിരുന്ന വിവിധ ഭക്ഷ്യസാധനങ്ങൾ ഉപയോഗശൂന്യമായ നിലയിൽ കണ്ടെത്തി. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മൂന്നു ചാക്ക് അരി, കടല, ഉപ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ പഞ്ചായത്ത് ഓഫീസിലെ മുറികളിലായി കണ്ടെത്തിയത്.
കഴിഞ്ഞ പ്രളയത്തിൽ വിതരണം ചെയ്യാൻ വിവിധ സംഘടനകൾ നൽകിയതായിരുന്നു ഈ ഭക്ഷ്യസാധനങ്ങൾ. തിങ്കളാഴ്‌ച രാവിലെയായിരുന്നു സംഭവം. പട്ടികജാതി വിഭാഗത്തിന് നൽകാനായി ലഭിച്ചതായിരുന്നു ഇവ. ഇതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇലക്ഷൻ കമ്മീഷൻ, വിജിലൻസ് എന്നിവർക്ക് പരാതി നൽകുകയും തുടർന്ന് ടൗണിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്‌തു. ചുങ്കത്തറ പഞ്ചായത്തിന്‍റെ പല ഭാഗങ്ങളിലായി ഇത്തരത്തിൽ ഭക്ഷ്യ കിറ്റുകൾ പൂഴ്ത്തി വച്ചിട്ടുണ്ടെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. നിലമ്പൂരും സമാനമായ സംഭവം നടന്നിരുന്നു.