മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം ഹജ്ജിന് പോകുന്ന ആദ്യസംഘം പുറപ്പെട്ടു. 298 യാത്രക്കാരുടെ സംഘമാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. 132 പുരുഷന്മാരും 166 സ്ത്രീകളുമാടക്കം 298 പേരടങ്ങുന്ന സംഘം ഉച്ചക്ക് 2.30 നാണ് പുറപ്പെട്ടത്. നാല് വർഷത്തിന് ശേഷം പുനഃസ്ഥാപിച്ച കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയന്‍റിൽ നിന്നാണ് ഈ വർഷത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം യാത്ര തിരിച്ചത്. 138 പുരുഷന്മാരും 156 സ്ത്രീകളുമടുങ്ങുന്ന 294 പേരുടെ രണ്ടാമത്തെ സംഘവും മൂന്ന് മണിക്ക് പുറപ്പെട്ടു. സൗദി എയർലൈൻസ് വിമാനത്തിലാണ് യാത്ര. ഫ്ലാഗ് ഓഫ് ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെ അധികൃതർ അനുവദിച്ചില്ല.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇത്തവണ ഹജ്ജ് സംഘം ആദ്യം മദീന സന്ദർശിച്ച ശേഷമാണ് ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾക്കായി മക്കയിൽ എത്തുക. സംസ്ഥാനത്തെ 13472 തീർഥാടകരിൽ 11094 പേരും കരിപ്പൂർ വഴിയാണ് യാത്ര തിരിക്കുന്നത്. ബാക്കിയുള്ള 2378 പേർ നെടുമ്പാശേരി വഴിയും യാത്ര തിരിക്കും. ജൂലൈ 13 നാണ് നെടുമ്പാശേരി ക്യാമ്പ് ആരംഭിക്കുന്നത്. ഏറെ കാലമായി കാത്തിരിക്കുന്ന ആത്മീയ നിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പോകുന്നത്തിന്റെ ആത്മനിർവൃതിയിലാണ് ഹജ്ജ് യാത്രികർ.