മലപ്പുറം: വിക്ടേഴ്സ് ചാനലിൽ സ്കൂൾ കുട്ടികൾക്കായുള്ള ഓൺലൈൻ പഠനത്തിന്‍റെ ഭാഗമായി സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ ക്ലാസ് ഇനി ഗോത്ര ഭാഷകളിലും ലഭിക്കും. നിലമ്പൂരിൽ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഗോത്രവിഭാഗങ്ങളായ അറനാടൻ, മുതുവാൻ, ചോലനായിക്കൻ എന്നീ വിഭാഗങ്ങളുടെ ഭാഷകളിലാണ് ഒന്നാം ക്ലാസിലെ പാoഭാഗങ്ങൾ തയ്യാറാക്കുന്നത്.
നിലമ്പൂർ ബി.ആർ.സിയുടെ കീഴിലുള്ള ഷെൽട്ടർ ഹോമിൽ വെച്ചാണ് മൂന്ന് ദിവസത്തെ ക്രിയേറ്റീവ് വർക്ക് ഷോപ്പിൽ പാഠഭാഗങ്ങൾ തയ്യാറാക്കുന്നത്. ബിന്ദു പിസി, നിസാനത്ത്, ഫൂലൻ ദേവി, നാരായണൻ, മറിയംടി, വാഹിദ, മിനി, ഷൺമുഖൻ, ബാല ബാസ്ക്കരൻ എന്നീ അധ്യാപകരും പ്രജിത്ത്, അസ്ലം എന്നീ സാങ്കേതിക പ്രവർത്തകരുമാണ് പാഠഭാഗങ്ങൾ തയ്യാറാക്കുന്നത്.
സമഗ്ര ശിക്ഷാ കേരള മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസർ എം സി റസാഖിന്‍റെയും, നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ എം.മനോജ് കുമാർ, ക്യാമ്പ് കോ-ഓർഡിനേറ്റർ ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് വർക്ക് ഷോപ്പ് നടക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വൈറ്റ് ബോർഡ് എന്ന പേരിലും ഓൺലൈൻ പഠന വിഭവങ്ങൾ തയ്യാറാക്കുന്നുണ്ട്.