മലപ്പുറം: നെഞ്ചുവേദനയുമായി പുഴയ്ക്ക് അക്കരെ കുടുങ്ങിയ ആദിവാസി യുവാവിന് രക്ഷകരായി ഫയർ ഫോഴ്‌സ്. നെഞ്ചുവേദനയെ തുടർന്ന് അവശനായ മുണ്ടേരി ഇരുട്ടുകുത്തി കോളനിയിലെ ദേവൻ(45) നെയാണ് നിലമ്പൂരിൽ നിന്നെത്തിയ ഫയർഫോഴ്സും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും ചേർന്ന് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്‌ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
also read:സംസ്ഥാനത്ത് മഴ കനക്കും; ജൂൺ 18ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്
ശക്തമായ മഴയിൽ ചാലിയാറിൽ വെളളം ഉയർന്നതും പുഴക്കു കുറുകെ പാലം ഇല്ലാത്തതിനാലും, വൈദ്യ സഹായം ലഭിക്കാതെ കോളനിയിൽ കുടുങ്ങി കിടക്കുകയായിരുന്നു ദേവൻ. ശക്തമായ കുത്തൊഴുക്കിൽ അതിസാഹസികമായി റബർ ഡിങ്കി ഉപയോഗിച്ചാണ് ഫയർഫോഴ്സ് ദേവനെ ഇക്കരെ എത്തിച്ചത്.
ഇത്തരം സാഹചര്യങ്ങളിൽ നിലമ്പൂരിൽ നിന്നാണ് ഫയർ ഫോഴ്‌സിന്‍റെ സേവനം ലഭ്യമാവുന്നത്. ഈ ഘട്ടത്തിൽ മേഖലയിലെ അതിവേഗരക്ഷാപ്രവർത്തനം സാധ്യമാക്കുന്നതിന് എടക്കരയിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാണ്. മഴക്കാലത്ത് മലയോര മേഖലയിലുണ്ടാവുന്ന ദുരന്തങ്ങളിൽ വേഗത്തിലും കാര്യക്ഷമമായും പ്രവർത്തിക്കാൻ എടക്കരയിൽ ഫയർ സ്റ്റേഷൻ അനിവാര്യമാണെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുമുണ്ട്.
രക്ഷാപ്രവർത്തനത്തിൽ നിലമ്പൂർ ഫയർ സ്റ്റേഷൻ സ്റ്റേഷൻ ഇൻചാർജ് ചാർജ് ഓഫിസർ സി.കെ.നന്ദകുമാർ, സിനിയർ ഫയർ ഓഫിസർമാരായ കെ.ശശികുമാർ, കെ സന്തോഷ്കുമാർ, എൽ.ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.