മലപ്പുറം : ആനയുടെ മുന്‍പില്‍ നിന്ന് പിതാവും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആന അപ്രതീക്ഷിതമായി കുട്ടിയെ ആക്രമിക്കുകയായിരുന്നു. രണ്ടുമാസം മുന്‍പാണ് കോഴിക്കോട് – മലപ്പുറം ജില്ല ബോർഡറിൽ കീഴുപറമ്പ് തൃക്കളിയൂർ ക്ഷേത്രത്തിനടുത്ത് ഞെട്ടിക്കുന്ന സംഭവം നടന്നത്.
സംഭവസമയത്തെ പിതാവിന്‍റെ ആത്മധൈര്യത്തെ പ്രശംസിച്ചുകൊണ്ട് വീഡിയോ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കുട്ടി ആനയ്‌ക്ക് ഭക്ഷണം നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ആന തുമ്പിക്കൈ ഉപയോഗിച്ച് കുഞ്ഞിനെ പിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഉടൻ തന്നെ പിതാവ് കുട്ടിയെ വലിച്ചുമാറ്റിയതുകൊണ്ടാണ് ദുരന്തം ഒഴിവായത്.
സംഭവത്തില്‍ രണ്ട് പേര്‍ക്കും വലിയ പരിക്കുകളുണ്ടായിരുന്നില്ല. പിതാവ് ആനയ്‌ക്ക് ഭക്ഷണം നല്‍കുന്നത് കണ്ടാണ് മകന്‍ നിര്‍ബന്ധം പിടിച്ച് ആനയ്‌ക്ക് ആഹാരം കൊടുക്കാന്‍ ശ്രമിച്ചത്. കൊളക്കാടൻ മിനി എന്ന ആനയാണ് കുട്ടിയെ ആക്രമിച്ചത്.