മലപ്പുറം: കാട്ടാനക്കൂട്ടം കൃഷിനശിപ്പിക്കുന്നതായി മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം മണലോടിയിലെ കര്‍ഷര്‍. കൊവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കർഷകർക്ക് കാട്ടാന ആക്രമണം ഇരുട്ടടിയായി. മണലോടി ജനവാസകേന്ദ്രത്തിൽ ബുധനാഴ്ച രാത്രി ആനക്കൂട്ടം ഇറങ്ങി ലക്ഷക്കണക്കിന് രൂപയുടെ കൃഷി നഷ്ടമുണ്ടാക്കി. കവുങ്ങും വാഴയുമാണ് നശിപ്പിച്ചത്. ഈ ഭാഗത്ത് ഇതിനുമുമ്പും ആനക്കൂട്ടം നാശം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇത്രയും ഭീമമായ നഷ്ടം ഉണ്ടാകുന്നത് ആദ്യമായാണെന്നും സ്ഥലത്തെ പ്രധാന കർഷകനായ കെ.പി അക്ബർ പറഞ്ഞു.
ഇയാളുടെ കുലച്ച വാഴകളാണ് കൂടുതലും നശിപ്പിക്കപ്പെട്ടത്. കർഷകരായ വി പി ഉമ്മർ ,സിപി ആമിന,അബ്ദുൽ അസീസ്, സി പി മുഹമ്മദ്,കെപി മൻസൂർ, എന്നിവരുടെ കൃഷിത്തോട്ടത്തിൽ കവുങ്ങുകളും വാഴകളും നശിപ്പിച്ചു.നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. കാട്ടാനകളെ പ്രതിരോധിക്കാൻ നടപടികൾ സ്വീകരിച്ചില്ലങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് കർഷകർ പറഞ്ഞു. എടക്കോട് ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സ്ഥലം സന്ദർശിച്ചു.