മലപ്പുറം: കോഴിക്കോട് - മലപ്പുറം ജില്ലയുടെ അതിർത്തി ഗ്രാമമായ കക്കാടംപൊയിലില്‍ പ്രതിസന്ധിയിലായി കർഷകരും വ്യാപാരികളും. ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ട മലയോര മേഖലയില്‍ കാർഷിക വിളകൾ കെട്ടിക്കിടക്കുകയാണ്. കാർഷിക ഉത്പന്നങ്ങളായ അടക്ക, കുരുമുളക്, കശുവണ്ടി, നേന്ത്രവാഴ കുലകൾ എന്നിവയാണ് വില്ക്കാൻ കഴിയാതെ കെട്ടികിടക്കുന്നത്. പ്രദേശത്തെ 90 ശതമാനവും ചെറുകിട കർഷകരായത് കൊണ്ട് തന്നെ ഈ വിളകൾ വിറ്റ് വേണം ഇവർക്ക് ജീവിതം നയിക്കാൻ.
ലോക്‌ഡൗണിനെ തുടർന്ന് കടകളിലേക്ക് എത്തുന്നവരുടെ എണ്ണം കുറഞ്ഞതായി പലചരക്ക് വ്യാപാരികൾ പറഞ്ഞു. കാർഷിക വിളകൾ വീട്ടിൽ കുന്നുകൂടുമ്പോൾ ഈ അറുതിക്ക് എന്ന് പരിഹാരമാകുമെന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് കക്കാടംപൊയിലിലെ മലയോര കർഷകർ.