മലപ്പുറം: യുപിയിൽ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കുടുംബം. ഒരു സംഘടനയിലും സിദ്ദിഖ് പ്രവർത്തിക്കുന്നില്ലെന്നും ജോലിസംബന്ധമായിട്ടാണ് ഹത്രാസിൽ പോയതെന്നും സിദ്ദിഖിന്‍റെ ഭാര്യ റെഹാനത്ത് ഇടിവി ഭാരതിനോട് പറഞ്ഞു. ഭർത്താവിന് നീതി ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി. ഈ മാസം നാലാം തീയതി രാത്രിയാണ് സിദ്ദിഖ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. തന്‍റെ ഭർത്താവ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞതെന്നും സിദ്ദിഖിന്‍റെ ഭാര്യ പറഞ്ഞു.
സിദ്ദിഖിന്‍റെ 90 വയസ്സ് പ്രായമുള്ള മാതാവിനെ അറസ്റ്റ് വിവരങ്ങൾ അറിയിച്ചിട്ടില്ല. ഒരാളിനെ പോലും ഉപദ്രവിക്കാത്ത തന്‍റെ ഭർത്താവിന് നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് റെഹാനത്തും വേങ്ങരയിലെ പൂച്ചോലമാട് വീട്ടിലെ മൂന്ന് കുട്ടികൾ അടങ്ങുന്ന സിദ്ദിഖിന്‍റെ കുടുംബവും. സിദ്ദിഖിന്‍റെ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി നേതാക്കൾ ഫോണിലും നേരിട്ടും ബന്ധപ്പെട്ട് ഭർത്താവിന്‍റെ മോചനത്തിനായി രാഷ്ട്രീയവും നിയമപരവുമായ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.