മലപ്പുറം: കരുളായിയിൽ പൊലീസിൻ്റെ ചാരായ വേട്ട. വട്ടപ്പാടം സ്വദേശി മണ്ടങ്ങോടൻ മുസ്‌തഫയെ(48) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി സ്വന്തം വീട്ടുവളപ്പിൽ വൻതോതിൽ ചാരായം വാറ്റുന്നതിനിടെ രാത്രി 11 മണിയോടെയാണ് പിടിയിലായത്. 6 ലിറ്റർ വാറ്റുചാരായവും 400 ലിറ്റർ വാഷും പൊലീസ് പിടിച്ചെടുത്തു. പൊലീസ് ഇൻസ്പെക്‌ടർ പി വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന കൽക്കുളം സ്വദേശി സുധാകരൻ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത വാഷ് പൊലീസ് നശിപ്പിച്ചു.
ലോക്ക് ഡൗണിൻ്റെ ഭാഗമായി ബാറുകളും ബിവറേജുകളും അടച്ചതോടെ മലയോര മേഖലകളിൽ വലിയ തോതിൽ വാറ്റുചാരായം നിർമിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നു. പ്രതികൾക്കെതിരെ ലോക്ക് ഡൗൺ ലംഘനത്തിനും കേസെടുത്തിട്ടുണ്ട്. എസ് ഐ അബ്ദുൾ കരീം, സിപിഓ മാരായ അഭിലാഷ് എസ്, നിബിൻദാസ്, ടി ബിജു, കെ.പി അനീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.