മലപ്പുറം: സാമ്പത്തിക ഇടപാടിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ 10 മണിക്കൂർ ചോദ്യം ചെയ്‌ത് എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ്. ബുധനാഴ്‌ച രാത്രി 8.30ഓടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. വീണ്ടും മൊഴിയെടുക്കുമെന്ന് ഇഡി അറിയിച്ചു.
നിലമ്പൂർ നഗരസഭാ ചെയർമാനായിരിക്കെ പാട്ടുത്സവത്തിൻ്റെ നടത്തിപ്പിൽ സ്പോൺസർ ആയിരുന്ന സിബി വയലിൽ നിന്ന് പണം വാങ്ങിയത് സംബന്ധിച്ച വിവരങ്ങളാണ് മൊഴിയെടുത്തത്. എൻഫോഴ്സ്മെൻ്റിൻ്റെ കോഴിക്കോട് ഓഫിസിലായിരുന്നു മൊഴിയെടുക്കൽ.
കോടികളുടെ തട്ടിപ്പ് നടത്തിയ സിബി വയലിൽ നിന്നും മൂന്ന് കോടി രൂപ വാങ്ങിയെന്ന വിവരത്തെ തുടർന്നാണ് ഷൗക്കത്തിനെ ചോദ്യം ചെയ്‌തത്. മെഡിക്കൽ - എൻജിനീയറിങ് സീറ്റുകൾ വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ സിബി വയലിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്‌ടർ ആക്കാമെന്ന് പറഞ്ഞ് ആര്യാടൻ ഷൗക്കത്തും എം.കെ.വിനോദ് എന്ന മാധ്യമ പ്രവർത്തകനും മൂന്ന് കോടി വാങ്ങിയെന്നാണ് സിബിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. അതേസമയം സീറ്റിനായി സിബിക്ക് പണം നൽകിയ ആളുകളുടെ പരാതിയിലാണ് ഇഡി സ്റ്റേറ്റ്‌മെൻ്റ് വാങ്ങിയതെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.