മലപ്പുറം: ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന കാട് കയറാനാകാതെ കുടുങ്ങിയതോടെ നാട്ടുകാർ വലഞ്ഞു. കരുവാരക്കുണ്ട് ആർത്തലക്കുന്നിലാണ് മോഴയാനയെ അവശനിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ച്ചയോളമായി കൽക്കുണ്ട് മേഖലയിൽ ഒറ്റയാനെ കണ്ടു വരുന്നുണ്ട്. ശാരീരിക അവശതകൾ മൂലം പരാക്രമം നടത്തുന്നില്ലെങ്കിലും ആളുകളും, വാഹനങ്ങളും അടുത്തെത്തുമ്പോൾ വിരട്ടിയോടിക്കുകയാണ്.
ഇപ്പോൾ ആർത്തല കോളനിക്കു സമീപത്തെ കുന്നത്ത് ടോമിയുടെ കൃഷിയിടത്തിലാണ് ആന തമ്പടിച്ചിരിക്കുന്നത്. തീർത്തും അവശനിലയിലായ ആനയെ കാടു കയറ്റുന്നതിനായി സൈലൻ്റ് വാലി വനപാലകർ തീവ്രശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇക്കാരണങ്ങൾ കൊണ്ടു തന്നെ തോട്ടം പണിക്ക് പോകുന്ന തൊഴിലാളികൾക്ക് ദിവസങ്ങളായി ജോലിക്കു പോകാനും സാധിക്കുന്നില്ല.