മലപ്പുറം: വഴിക്കടവ് വെള്ളക്കട്ടയിൽ ജനവാസ കേന്ദ്രത്തിൽ ഒറ്റയാന്‍റെ ആക്രമണം. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ കാടുവിട്ടിറങ്ങിയ ഒറ്റയാൻ മേലെ വെള്ളക്കട്ടയിലെ ചട്ടിപ്പാറ കോളനിയിലെ ചെമ്പ്രാൻ വിജയന്‍റെ കുടിൽ ഭാഗികമായി തകർത്തു. നിരവധി പേരുടെ കൃഷി വിളകളും നശിപ്പിച്ചിട്ടുണ്ട്.
ചെമ്പ്രാനും ഭാര‍്യ ലതികയും മക്കളായ വിമൽ വിജയ്, വിനിൽ വിജയ് എന്നിവർ സംഭവ സമയത്ത് കുടിലിൽ ഉണ്ടായിരുന്നു. ആനയെ കണ്ട് ഭയന്ന ഇവർ ബഹളം വെച്ചതോടെ നാട്ടുകാർ എത്തി ഒറ്റയാനെ കാട്ടിലേക്ക് ഓടിക്കുകയായിരുന്നു. പ്രദേശത്തെ വിജയൻ ചെമ്പ്രാൻ, പുന്നത്തിൽ ഗോപാലൻ, മുരിയംകണ്ടൻ ഗോപാലൻ എന്നിവരുടെ കൃഷിയിടത്തിലും ഒറ്റയാൻ നാശം വിതച്ചു.
ALSO READ: ആംബുലൻസ് ഡ്രൈവർമാർക്കും ജീവനക്കാർക്കും മെഡിക്കൽ കിറ്റ് നൽകി മലപ്പുറം നഗരസഭ
വാർഡ് മെമ്പർ കൂടിയായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.ടി.റെജി, ജില്ല പഞ്ചായത്ത് അംഗം ഷെറോണ, വനം വകുപ്പ്, വെള്ളക്കട്ട വന സംരക്ഷണ സമിതി ഭാരവാഹികൾ എന്നിവർ സ്ഥലത്തെത്തി. ചെമ്പ്രാനും കുടുംബത്തിനും നഷ്ടപരിഹാരം വേഗത്തിൽ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉദ‍്യോഗസ്ഥർ അറിയിച്ചു.