മലപ്പുറം: എടവണ്ണ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമാണ പ്രവൃത്തി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്ത്. ജില്ല കലക്‌ടർക്ക് ഉൾപ്പെടെ പരാതിയും നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 47.21 കോടി രൂപ ചെലവിലാണ് എടവണ്ണ സമ്പൂർണ കുടിവെള്ള പദ്ധതി ഒരുക്കുന്നത്. എടവണ്ണ കൊങ്ങൻ പാറ കോളനിക്ക് മുകളിലെ ചെങ്കുത്തായ പ്രദേശത്തെ ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലത്താണ് ടാങ്ക് നിർമ്മാണം എന്നാണ് നാട്ടുകാരുടെ പരാതി. ജില്ല കലക്‌ടർക്കും, കോടതിക്കും, വാട്ടർ അതോറിറ്റിക്കും, പഞ്ചായത്തിനും പരാതി നൽകിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് ഇവിടെ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചിരുന്നു.
നിരവധി കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. ഇവർക്കൊന്നും യാതൊരു സുരക്ഷയും ഒരുക്കാതെയും വേണ്ട മുൻകരുതലുകൾ ഇല്ലാതെയുമാണ് വാട്ടർ അതോറിറ്റിയുടെ ടാങ്ക് നിർമ്മാണം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. ജെസിബി ഉപയോഗിച്ച് ഇപ്പോൾ മണ്ണ് നീക്കം ചെയ്യുന്ന സ്ഥലത്ത് അഞ്ചു വർഷങ്ങൾക്ക് മുൻപും ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. മഴ ശക്തി പ്രാപിക്കുമ്പോൾ അധികൃതർ ഇവിടെ നിന്ന് ജനങ്ങളെ മാറ്റി താമസിപ്പിക്കാറുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തി കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം