മലപ്പുറം: മലപ്പുറം വറ്റലൂർ സ്വദേശി ഉമ്മർ കുട്ടിയുടെ അക്വഫോണിക് ഫാമില്‍ ഇപ്പോൾ വിളവെടുപ്പ് കാലമാണ്. പേരിലെ വ്യത്യസ്തത രുചിയിലും ഗുണത്തിലും നിലനിർത്തുന്ന ഡ്രാഗൺ ഫ്രൂട്ടാണ് ഉമ്മർ കുട്ടിയുടെ ജൈവ ഫാമിലെ പ്രധാന ആകർഷണം. വിദേശിയാണെങ്കിലും നമ്മുടെ മണ്ണിലും ഡ്രാഗൺ ഫ്രൂട്ട് വിളയിക്കാമെന്ന് പ്രവാസ ലോകത്ത് നിന്ന് മടങ്ങിയെത്തി കൃഷിയില്‍ സജീവമായ ഉമ്മർ കുട്ടി തെളിയിച്ചു. ഇപ്പോൾ വറ്റലൂരിലെ ഫാം നിറയെ ഡ്രാഗൺ ഫ്രൂട്ട് വിളഞ്ഞു നില്‍ക്കുകയാണ്. ഫ്രൂട്ട് സാലഡ്, മില്‍ക്ക് ഷെയ്ക്ക് എന്നിവ തയ്യാറാക്കുമ്പോഴാണ് ഡ്രാഗൺ ഫ്രൂട്ട് യഥാർഥ രുചി കൈവരിക്കുന്നതെന്ന് ഉമ്മർ കുട്ടി പറയുന്നു.
ആന്‍റി ഓക്‌സിഡന്‍റുകളുടെയും വൈറ്റമിനുകളുടെയും കലവറയായ ഡ്രാഗൺ ഫ്രൂട്ടിന് ശരീരത്തില്‍ രക്തം വർധിപ്പിക്കാനുള്ള കഴിവുണ്ടെന്നും ഉമ്മർ കുട്ടി സാക്ഷ്യപ്പെടുത്തുന്നു. മെക്സിക്കോ, തായ്‌ലൻഡ്, ഇസ്രായേൽ, വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ വലിയ തോതിൽ കൃഷി ചെയ്യുന്ന ഡ്രാഗൺ ഫ്രൂട്ടിനെ മലയാളി സ്വീകരിച്ചു കഴിഞ്ഞു. കള്ളിമുൾ ചെടിയെ പോലെ ഇലകൾ ഇല്ലാതെ പറ്റിപ്പിടിച്ചു വളരുന്ന ഡ്രാഗൺ ചെടികളെ ഒരേസമയം അലങ്കാരച്ചെടിയായും ഭക്ഷ്യവിളയായും ഉപയോഗിക്കാം.