മലപ്പുറം: കരുവാരക്കുണ്ട് കൽക്കുണ്ടിൽ വളർത്തുനായക്ക് നേരെ അജ്ഞാത ജീവിയുടെ ആക്രമണം. നെടുമ്പള്ളി ജോസിൻ്റെ പട്ടിക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്ക്. ഫെബ്രുവരി 16ന് പുലർച്ചെയാണ് സംഭവം.
ആക്രമണം നടന്ന ദിവസം ജോസിൻ്റെ വീട്ടിൽ ആളുണ്ടായിരുന്നില്ല. കൂട്ടിലുള്ള നായയ്‌ക്ക്, രാവിലെ ഭക്ഷണം കൊടുക്കാന്‍ എത്തിയ ജോലിക്കാരാണ് പരിക്കേറ്റത് ആദ്യം കണ്ടത്. കൂടിന് അകത്തുള്ള നായയെ, അജ്ഞാത ജീവി പുറത്തേക്ക് കടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗുരുതര പരിക്കേറ്റത്. നിലമ്പൂർ വനംവകുപ്പ് സംഘം സ്ഥലത്തെത്തി.
മൂന്ന് മാസത്തിനിടെ നിരവധി വളർത്തുനായകളെ കൽക്കുണ്ട് മേഖലയിൽ നിന്നും കാണാതായിട്ടുണ്ട്. തൊട്ടടുത്ത പ്രദേശമായ പാന്ത്രയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതും പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.