മലപ്പുറം: നല്ല സാഹിത്യത്തെ തിരിച്ചറിഞ്ഞ് അംഗീകാരം നല്‍കുന്നത് എഴുത്തുകാര്‍ക്ക് പ്രചോദനമാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരൂരിലെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെ പ്രഥമ ഡി.ലിറ്റ് ബിരുദദാനം (ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ്) നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍.
ഭാഷയിലും സാഹിത്യത്തിലും കലാ-സാംസ്‌കാരിക രംഗങ്ങളിലും മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിപ്പാട്, പ്രൊഫ. സ്‌കറിയ സക്കറിയ, സി. രാധാകൃഷ്‌ണന്‍, വി.എം. കുട്ടി എന്നീ നാല് വിശിഷ്‌ട വ്യക്തികള്‍ക്കാണ് തിരൂര്‍ മലയാള സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഡി.ലിറ്റ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.
മാപ്പിളപ്പാട്ട് കലാകാരനും ഗവേഷകനും എഴുത്തുകാരനുമായ വി.എം. കുട്ടിക്കാണ് ആദ്യ ഡി.ലിറ്റ് ബിരുദം ഗവര്‍ണര്‍ സമ്മാനിച്ചത്. ഏതെങ്കിലും സമുദായത്തിന്‍റെ ഭാഗമെന്ന നിലയില്‍ തളച്ചിടാതെ മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതിനും മേഖലയിലെ സമഗ്ര സംഭാവനകളും പരിഗണിച്ചാണ് ഡി.ലിറ്റ് ബിരുദം നല്‍കിയത്. ജ്ഞാനപീഠ ജേതാവും മഹാകവിയുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് മരണാനന്തര ബഹുമതിയായാണ് ഡി.ലിറ്റ് ബിരുദം സമ്മാനിച്ചത്. അക്കിത്തത്തിന്‍റെ മകന്‍ അക്കിത്തം വാസുദേവനാണ് ഗവര്‍ണറില്‍ നിന്ന് ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങിയത്. നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ സി. രാധാകൃഷ്‌ണന് വേണ്ടി എഴുത്തുകാരന്‍ കെ.പി രാമനുണ്ണിയും ഭാഷാപണ്ഡിതനും ഗവേഷകനുമായ പ്രൊഫ.സ്‌കറിയ സക്കറിയക്ക് വേണ്ടി വൈസ് ചാന്‍സിലര്‍ അനില്‍ വള്ളത്തോളും ബിരുദം ഏറ്റുവാങ്ങി.