മലപ്പുറം: മലപ്പുറം ചെനക്കല്‍ അയ്യങ്കാളി എസ്‌സി കോളനിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത്. പദ്ധതിയിലൂടെ 75 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കും. 2019-2020 വര്‍ഷത്തെ പദ്ധതിയില്‍ 25 ലക്ഷം രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ.പി ഉണ്ണികൃഷ്ണന്‍ നിർവഹിച്ചു.
2019 ല്‍ പൂർത്തിയാക്കേണ്ട പദ്ധതി കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഈ പ്രശ്‌നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം എ.കെ അബ്‌ദുൾറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ നാരായണി, അഡ്വ.കെ കുഞ്ഞാലിക്കുട്ടി, പി രാജന്‍, ധര്‍മ്മരാജന്‍, ബാലകൃഷ്ണന്‍, കെ എറമുട്ടി, സുബ്രഹ്മണ്യന്‍ എന്നിവർ സംസാരിച്ചു.