മലപ്പുറം: കരുവാരക്കുണ്ട് കേരള -പാന്ത്ര റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ വൈകുന്നതായി പരാതി. ടെണ്ടർ നടപടികൾ പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും റോഡ് പണി അനന്തമായി നീളുകയാണ്. റോഡിന്‍റെ ശോചനീയാവസ്ഥ മൂലം ഇതുവഴിയുള്ള യാത്ര തീർത്തും ദുഷ്കരമാണ്. കേരള മുതൽ പാന്ത്ര വരെയുള്ള റോഡ് പൂർണമായും തകർന്ന നിലയിലാണ് . വലിയ ഗർത്തങ്ങളും വെള്ളക്കെട്ടുകളുമാണ് പലയിടത്തും. കരുവാരക്കുണ്ട് പഞ്ചായത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന റോഡുകളിൽ ഒന്നാണ് കേരള -മഞ്ഞൾപ്പാറ-പാന്ത്ര റോഡ്.
എന്നാൽ ഗതാഗതം ദുഷ്ക്കരമായി ഒന്നര വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് കഴിഞ്ഞ വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപയും വകയിരുത്തുകയും ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തതാണ്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. ടാറിംഗ് ആയതിനാൽ മഴ പൂർണമായും നീങ്ങണമെന്നും വേനൽ ആരംഭത്തിൽ തന്നെ പണി തുടങ്ങുമെന്നുമാണ് കരാറുകാർ നൽകുന്ന വിശദീകരണം.