ഇരട്ടകുട്ടികളുടെ മരണം; മഞ്ചേരിയിൽ പ്രതിഷേധം ശക്തം: അധികൃതരുടെ പിടിവാശി മൂലം മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും ചികിത്സ ലഭിക്കാതെ ഇരട്ടകുട്ടികൾ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. അഡ്വ. എം. ഉമര്‍ എം.എല്‍.എ, ടി.വി. ഇബ്രാഹീം എം.എല്‍.എ, എന്നിവരുടെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ റോഡ് ഉപരോധിച്ചു. എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ച് നടത്തി. കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറികൂടിയായ തവനൂര്‍ എന്‍.സി ഷരീഫിന്‍റെ ഇരട്ട കുഞ്ഞുങ്ങളാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തില്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെയും മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവം നടന്നത് യു.പിയിലല്ല. ആരോഗ്യ നേട്ടത്തിന്‍റെ മഹിമ പറഞ്ഞ് അഹങ്കരിക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുള്ള നാട്ടിലാണെന്ന് ഓര്‍മ വേണമെന്നും നേതാക്കള്‍ പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് കബീര്‍ മുതുപറമ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സംഗമം അഡ്വ. എം. ഉമര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.വി ഇബ്രാഹീം എം.എല്‍.എ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്, വൈസ് പ്രസിഡന്‍റ് ഫാരിസ് പൂക്കോട്ടൂര്‍ എന്നിവർ പ്രതിഷേധ സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.