മലപ്പുറം: നോമ്പുതുറയിലെ ഒഴിവാക്കാനാവാത്ത വിഭവങ്ങളിൽ ഒന്നാണ് ഈന്തപ്പഴം. വിശ്വാസത്തോടൊപ്പം രുചിയും ഗുണമേന്മയുമുള്ള ഈന്തപ്പഴത്തിന് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ റംസാൻ വിപണയിലെ താരമായ ഈന്തപ്പഴ വിപണി കൊവിഡിന് മുമ്പില്‍ മുട്ടുമടക്കി. എങ്കിലും കിതപ്പിനിടയിലും കുതിക്കാനുള്ള ശ്രമത്തിലാണ് ഈന്തപ്പഴ വിപണി.
സൗദിയിൽ നിന്നുള്ള അജ്‌വയും ജോർദാനിൽ നിന്നുള്ള മെഡ്ജോളുമാണ് ഇത്തവണയും വിപണയിലെ ആകര്‍ഷണങ്ങള്‍. കഴിഞ്ഞ വര്‍ഷം 2,500 രൂപയായിരുന്നു അജ്‌വക്ക്. ഇത്തവണ 2000മായി കുറഞ്ഞു. വലുപ്പവും മാംസളതയും കൂടുതലുള്ള മെഡ്ജോളിനും ആവശ്യക്കാര്‍ ഏറെയാണ്. സൗദിയിൽ നിന്നുള്ള വരണ്ട വലിപ്പമുള്ള മുബ്റും, സഫാവി എന്നിവയും വില്‍പ്പനയില്‍ മുന്‍പിലാണ്. ഇറാനിൽ നിന്നുള്ള കീമിയ, കേസ്റ്, സമര്‍, ലക്കി, അര്‍മന തുടങ്ങിയവയാണ് വിപണിയെ ജനകീയമാക്കുന്നത്. കിലോയ്ക്ക് 300 മുതൽ 600 വരെയാണ് വില. ടുണീഷ്യ, നൈജീരിയ, ജോർദാൻ, ഇറാക്ക് തുടങ്ങി പത്ത് രാജ്യങ്ങളിൽ നിന്നായി 60 ഇനം ഈന്തപ്പഴങ്ങളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്.
റംസാൻ വിപണി ലക്ഷ്യംവച്ച് ഈന്തപ്പഴം സ്റ്റോക്ക് ചെയ്തെങ്കിലും കൊവിഡ് വന്നതോടെ വില്‍പ്പന നടത്താനാകാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് വ്യാപാരികൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ഗ്രീന്‍ സോണിലാണ്. ഇത് വ്യാപാരികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. അതേസമയം രാജ്യത്തിന് അകത്ത് നിന്നും പുറത്തു നിന്നും ഏറപേരാണ് ജില്ലയിലേക്ക് എത്തുന്നത്. ഇത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. അതേസമയം രുചിക്കൊപ്പം സുരക്ഷയുമൊരുക്കി നല്ല നാളെക്കായി കാത്തിരിക്കുകയാണ് ഇത്തവണത്തെ ഈന്തപ്പഴ വിപണി.