മലപ്പുറം: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ റമീസിൻ്റെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ് നടത്തി. പെരിന്തൽമണ്ണ വെട്ടത്തൂരിലെ വീട്ടിലായിരുന്നു റെയ്‌ഡ്. റമീസ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ്, സ്ഥല കച്ചവട കരാറുകൾ, മുദ്രപ്പത്രങ്ങൾ, ചെക്കുകൾ എന്നിവയുള്‍പ്പെടെ പ്രധാനപ്പെട്ട രേഖകളും കണ്ടെടുത്തു. പെരിന്തൽമണ്ണ എഎസ്‌പി ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റെയ്‌ഡില്‍ പങ്കെടുത്തു.
ബെംഗളൂരൂവില്‍ നിന്ന് അറസ്റ്റിലായ സന്ദീപില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റമീസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തിന് ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയിരുന്നു. പ്രതികളിൽ നിന്നും സ്വർണ്ണം വാങ്ങി വിതരണം ചെയ്തതിൽ പ്രധാനിയാണ് റമീസ്. ഇയാളുമായി എത്രപേർ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇതിൽ ആർക്കൊക്കെ നിക്ഷേപമുണ്ടെന്നും വിശദ ചോദ്യം ചെയ്യലിന് ശേഷം അറിയാനാകുമെന്ന് കസ്റ്റംസ് അറിയിച്ചു.