മലപ്പുറം : നിലമ്പൂര്‍ നഗരത്തിലെ ജ്വല്ലറിയില്‍ മോഷണത്തിന് ശ്രമിച്ച പ്രതി പിടിയില്‍. പോത്തുകല്ല് കവളപ്പാറ ഇളമുടിയില്‍ പ്രവീണ്‍(25) ആണ് നിലമ്പൂര്‍ പൊലീസിന്‍റെ പിടിയിലായത്.
ബുധനാഴ്ച പുലര്‍ച്ചെ നിലമ്പൂര്‍ ട്രഷറി ബില്‍ഡിങ്ങിന്‍റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടയുടെ പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്ന് ട്രഷറിയിലെ സെക്യൂരിറ്റിമാര്‍ പൊലീസിനെ വിളിച്ചറിയിച്ചു.
ബാഗ് നിറയെ ആയുധങ്ങള്‍
തുടര്‍ന്ന്, സ്ഥലത്ത് പൊലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. ചുറ്റിക, ഇരുമ്പ് ദണ്ഡ്, ഉളി, മങ്കി തൊപ്പി, മാക്‌സി ഇവ സൂക്ഷിച്ച് വയ്ക്കാന്‍ ഉപയോഗിച്ച സ്‌കൂള്‍ ബാഗ് എന്നിവയും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. ആലപ്പുഴയില്‍ നിന്നും പ്രണയിച്ച് വിവാഹം കഴിച്ച ഇയാള്‍ക്ക് ഒരു കുട്ടിയുണ്ട്.
കുഞ്ഞിന് വേണ്ടിവാങ്ങിയ ഉടുപ്പുകളും ബാഗിലുണ്ടായിരുന്നു. പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിക്കാന്‍ കുട്ടിയ്ക്ക് സ്വര്‍ണമാലയുമായി ആലപ്പുഴയ്ക്ക് പോവാനായിരുന്നു ഇയാളുടെ പദ്ധതി.
ഇതിനാണ് മോഷണം നടത്താന്‍ ശ്രമിച്ചതെന്ന് പ്രതി മൊഴി നല്‍കി. എറണാകുളം ചോറ്റാനിക്കര തിരുവാണിയൂരിലെ ഹോട്ടലില്‍ വെയിറ്ററായും, തൊടുപുഴ വെങ്ങല്ലൂരില്‍ കാന്‍സര്‍ സെന്‍ററില്‍ വെല്‍ഡറായും ജോലിയും ചെയ്തിരുന്നു.
നേരത്തേയും മോഷണശ്രമം
ഈ മാസം 20ന് പട്ടാപ്പകല്‍ മലപ്പുറം കോട്ടപ്പടിയിലെ ഒരു സ്വര്‍ണക്കടയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി കടക്കാരന്‍റെ മുഖത്ത് മുളകുപൊടി എറിഞ്ഞ് അവിടെ നിന്നും സ്വര്‍ണ മാല എടുത്ത് ഓടിയതില്‍ കടക്കാരും നാട്ടുകാരും പിന്‍തുടര്‍ന്ന് പിടികൂടിയിരുന്നു.
സംഭവത്തില്‍ മാല തിരിച്ച് കിട്ടിയതിനാല്‍ കടക്കാര്‍ പരാതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഇയാളെ വീട്ടുകാരോടൊപ്പം വിട്ടയയ്ക്കുകയായിരുന്നു.
നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.എസ് ബിനുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ നവീന്‍ഷാജ്, എം. അസൈനാര്‍, എ.എസ്.ഐമാരായ മുജീബ്, അന്‍വര്‍, സീനിയര്‍ സി.പി.ഒ സതീഷ്, സി.പി.ഒ രജീഷ്, നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തി. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
ALSO READ: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി