മലപ്പുറം : കൊവിഡ് കാലം എല്ലാവർക്കും പ്രതിസന്ധിയുടെ കാലമാണ്. ജില്ലയിലെ പരമ്പരാഗത മൺപാത്ര നിർമാണം നടത്തുന്ന ഈ പാവങ്ങളും കൊവിഡ് തീർത്ത പ്രതിസന്ധിയിൽ ജീവിതം മുന്നോട്ട് നീക്കാൻ പാടുപെടുകയാണ്. കൊവിഡ് നിയന്ത്രണങ്ങളാൽ കച്ചവടം ഇല്ലാതായതോടെ മൺപാത്ര നിർമ്മാണത്തിനും വിൽപ്പനക്കും പൂട്ട് വീണ അവസ്ഥയാണിപ്പോൾ. വീടുകൾ കയറിയിറങ്ങി മൺപാത്രങ്ങൾ വിൽപ്പന നടത്തിയിരുന്ന ഇവർക്ക് ആ മാർഗവും നിലച്ചിരിക്കുകയാണ്.
നിലവിൽ നിർമാണ പ്രവർത്തനങ്ങൾക്കായുള്ള കളിമണ്ണ് കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് വർഷങ്ങളായി ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന കുഞ്ഞൻ പറയുന്നു. പട്ടാമ്പിയിൽ നിന്ന് ഒരു ലോഡ് കളിമണ്ണ് പൊന്നാനിയിൽ എത്താൻ ലോഡിന് ഇരുപതിനായിരം രൂപ ചെലവുണ്ട്. അതേസമയം ഇതര സംസ്ഥാനങ്ങളിൽ നിന്ന് പരമ്പരാഗത മൺ പാത്രങ്ങളെക്കാളും ഭംഗിയുള്ള മൺ പാത്രങ്ങൾ ഇവിടെ എത്തുന്നുണ്ട്.
നല്ല നിറവും തിളക്കവും കൂട്ടുന്നതിനായി റെഡ് ഓക്സൈഡ്, ബ്ലാക്ക് ഓക്സൈഡ് പോലുള്ള കൃതൃമ ചായങ്ങൾ ഉപയോഗിച്ച് കളിമണ്ണിന്‍റെ അളവ് കുറച്ചാണ് മൺപാത്രങ്ങൾ വിൽക്കുന്നതെന്നും പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾ പറയുന്നു. ഇത്തരം മൺപാത്ര ലോബികൾ ദേശീയപാതകൾ കേന്ദ്രീകരിച്ച് പാത്രങ്ങൾ വിൽക്കുന്നതും പരമ്പരാഗത മൺപാത്ര മേഖലയെ തകർക്കുന്നുണ്ട്.