മലപ്പുറം: മലപ്പുറം ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദബാധിതയായി ചികിത്സയിലിരിക്കെ മരിച്ച യുവതിയെയും ഉൾപ്പെടുത്തി.
മരിച്ച യുവതിക്ക് പുറമേ ഇവരുടെ ഭര്‍ത്താവ്, ഭര്‍ത്തൃ സഹോദരി, ദുബായ്, കുവൈറ്റ്, ഖത്തര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് പേര്‍, ഒരു എയര്‍ ഇന്ത്യ ജീവനക്കാരന്‍ എന്നിവര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്‌ടർ കെ ഗോപാലകൃഷ്‌ണൻ അറിയിച്ചു. രോഗബാധിതരില്‍ ആറ് പേര്‍ മഞ്ചേരി സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. മഞ്ചേരി സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള ഒരു പാലക്കാട് സ്വദേശിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂണ്‍ രണ്ടിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ മരിച്ച എടപ്പാള്‍ പൊറൂക്കര സ്വദേശിയായ 27കാരി ദുബായില്‍ നിന്ന് മെയ് 20 ന് കൊച്ചി വഴിയാണ് തിരിച്ചെത്തിയിരുന്നത്. കൂടെയെത്തിയ ഇവരുടെ 35കാരനായ ഭര്‍ത്താവ്, ഇവരെ പരിചരിച്ചിരുന്ന ഭര്‍ത്തൃ സഹോദരി എടപ്പാള്‍ കോലൊളമ്പ് സ്വദേശി 38 വയസുകാരിക്കും രോഗബാധ സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് മെയ് 31 ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി 51 കാരന്‍, ജൂണ്‍ രണ്ടിന് ഖത്തറില്‍ നിന്ന് കൊച്ചിയിലെത്തിയ പെരുമ്പടപ്പ് സ്വദേശിയായ 73 വയസുകാരന്‍, മെയ് 26 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ താഴേക്കോട് അരക്കുപറമ്പ് സ്വദേശിയായ 44 കാരന്‍, മുംബൈയില്‍ നിന്ന് മെയ് 14 ന് സ്വകാര്യ ബസില്‍ നാട്ടിലെത്തിയ താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശിയായ 60 വയസുകാരന്‍ എന്നിവര്‍ക്കുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഖത്തറില്‍ നിന്നു വന്ന പെരുമ്പടപ്പ് സ്വദേശി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. അതേ സമയം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ട് പേര്‍ കൂടി രോഗമുക്തി നേടി.