മലപ്പുറം: കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിയതോടെ നിലമ്പൂർ തേക്ക് വിൽപ്പന പ്രതിസന്ധിയിൽ. സർക്കാരിന് കോടികളുടെ വരുമാനം നല്‍കുന്ന രംഗം കൊവിഡ് വ്യാപനത്തെ തുടർന്ന് വലിയ തകർച്ചയിലേക്കാണ് നീങ്ങുന്നത്. കൊവിഡിന്‍റെ ആദ്യ ഘട്ടത്തിലെ പ്രതിസന്ധി മറികടന്ന് പൂർവസ്ഥിതി കൈവരിക്കുന്നതിനിടെയാണ് രണ്ടാം തരംഗം. പ്രവാസികളാണ് പ്രധാനമായും നിലമ്പൂർ തേക്കുകൾ വീടുനിർമ്മാണത്തിന് വാങ്ങിയിരുന്നത്. എന്നാൽ ഗൾഫ് മേഖലയിൽ നേരിട്ട പ്രതിസന്ധി വിൽപ്പനയെ കാര്യമായി ബാധിച്ചെന്ന് വനം വകുപ്പിന്‍റെ അംഗീകൃത വ്യാപാരി സി എച്ച് ഉമ്മർ പറയുന്നു.
20 വർഷത്തിനിടെ ഇത്രയും വലിയ പ്രതിസന്ധി ഉണ്ടായിട്ടില്ല. ലേലം വിളിച്ചെടുത്ത തേക്കിൻ തടികൾ വിൽക്കാനാകാതെ കിടക്കുകയാണ്. സർക്കാർ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ആശ്വാസകരമായ തീരുമാനം എടുക്കണമെന്ന് ഉമ്മര്‍ പറഞ്ഞു.
READ MORE: പുതുക്കിയ കൊവിഡ് ചികിത്സ മാനദണ്ഡങ്ങൾ പുറത്തിറക്കി
വനം വകുപ്പിന്‍റെ അംഗീകൃത ഡിപ്പോകളായ നിലമ്പൂർ അരുവാക്കോട് സെന്‍റർ, കരുളായി നെടുങ്കയം കേന്ദ്രം എന്നിവിടങ്ങളില്‍ ഇ-ലേലത്തിൽ പോകുന്ന തേക്കുതടികളുടെ അളവിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. തേക്ക് തടികൾ ലേലത്തിൽ എടുക്കാൻ വരുന്ന വ്യാപാരികളുടെ എണ്ണത്തിലും കുറവുണ്ട്. ഈ മാസം 12 ന് നടത്താനിരുന്ന ഇ-ലേലം മാറ്റിവച്ചിരിക്കുകയാണ്. പകരം 19, 21,29,31 തിയ്യതികളില്‍ നടക്കും.
READ MORE: വിപിന്‍ ചന്ദിന് വിട, സഹപ്രവര്‍ത്തകന്‍റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ മാധ്യമലോകം