മലപ്പുറം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കെഎസ്‌ആര്‍ടിസി നിലമ്പൂര്‍ ഡിപ്പോക്ക് വൻ വരുമാന നഷ്‌ടം. 50 ലക്ഷം രൂപക്ക് മുകളിലാണ് ഈ മാസത്തെ വരുമാന നഷ്‌ടമെന്ന് നിലമ്പൂര്‍ എ.ടി.ഒ സുരേഷ് പറഞ്ഞു. നിലമ്പൂർ ഡിപ്പോയിൽ നിന്നും 38 സർവ്വീസുകൾ ഉണ്ടായിരുന്നത് 30 ആയി കുറഞ്ഞു. ബാംഗ്ലൂർ, തിരുവനന്തപുരം, കോഴിക്കോട് സർവ്വീസുകൾ നിര്‍ത്തി. ഇതോടെ പ്രതിദിനം 5.75 ലക്ഷം രൂപ വരുമാനമുണ്ടായിരുന്നത് മൂന്ന് ലക്ഷമായി കുറഞ്ഞു. പ്രതിദിനം രണ്ടേമുക്കാൽ ലക്ഷത്തിന്‍റെ കുറവാണുള്ളതെന്നും എ.ടി.ഒ പറഞ്ഞു.
കൊവിഡ് രോഗം വരാൻ സാധ്യതയുള്ള വാഹനമെന്ന നിലയിൽ യാത്രക്കാർ കെഎസ്ആർടിസി ബസ് യാത്രകളില്‍ നിന്ന് വിട്ടു നിൽക്കുന്നതും കൊവിഡ് ഭീതി കാരണം ജീവനക്കാരിൽ ചിലർ അവധിയിൽ പോയതും കെഎസ്ആർടിസിയുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും ആശങ്ക അകറ്റാൻ ബോധവത്ക്കരണവും ബസുകളിൽ ഓരോ ട്രിപ്പ് കഴിയുമ്പോള്‍ അണുനാശിനി ഉപയോഗിച്ചുള്ള ശുചീകരണ പ്രവർത്തികളും നടത്തുന്നുണ്ട്. ജാഗ്രതാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.