മലപ്പുറം: ജില്ലയില്‍ കൊവിഡ്-19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത് ഒരാള്‍ മാത്രം. വീടുകളില്‍ 268 പേരടക്കം 269 പേരാണ് ജില്ലയില്‍ ഇപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന 42 പേരില്‍ 41 പേർക്ക് വൈറസ് ബാധിയില്ലെന്ന് സ്ഥിരീകരിച്ചതോടെ പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇന്നലെ 22 പേരെയാണ് പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത്.
ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 42 സാമ്പിളുകളില്‍ ഇനി ഒരെണ്ണത്തിന്‍റെ ഫലം മാത്രമാണ് ലഭിക്കാനുള്ളത്. രണ്ടുഘട്ട പരിശോധകള്‍ക്ക് ശേഷം ഫലം ലഭിച്ച 41 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. രോഗബാധ സംബന്ധിച്ചുള്ള ആശങ്കയകലുമ്പോഴും ആരോഗ്യ ജാഗ്രത തുടരുകയാണ്. ചൈനയുള്‍പ്പെടെയുള്ള വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവരുമായും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുമായും ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്ക് കൗണ്‍സലിങ് തുടരുകയാണ്.