മലപ്പുറം : ചികിത്സ കേന്ദ്രത്തിലെ ഭക്ഷണ വിതരണത്തിലെ അപാകത സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച യുവാവിന് കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിട്ടും പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി പരാതി. കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇടപെട്ടാണ് സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്തിയതെന്ന് കരുളായി സ്വദേശി മഹ്റൂഫ് ആരോപിക്കുന്നു. കരുളായി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലുള്‍പ്പെട്ട കുളവട്ടം സ്വദേശി മഹ്‌റൂഫാണ് വൈസ് പ്രസിഡന്‍റിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
ALSO READ:1.84 കോടിയിലധികം വാക്സിന്‍ ഡോസുകൾ രാജ്യത്ത് അവശേഷിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം
ഈ മാസം ഒമ്പതിന് കൊവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കരുളായി പഞ്ചായത്തിന്‍റെ ഡിസിസിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. അതിനിടെ ഇവിടുത്തെ ഭക്ഷണ വിതരണത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇയാള്‍ അധികൃതരോട് പരാതി പറയുകയും സാമൂഹ്യ മാധ്യമങ്ങളില്‍ ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് വൈസ് പ്രസിഡന്‍റ് സുരേഷ് ചോദ്യം ചെയ്തതായും കൊവിഡ് ചികിത്സ കാലാവധി കഴിഞ്ഞ് വീണ്ടും പരിശോധനക്കെത്തിയപ്പോള്‍ പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും മഹ്‌റൂഫ് ആരോപിക്കുന്നു.
ALSO READ:കൊവിഡ് വ്യാപനം കുറയുന്നു; രാജ്യത്ത് 2.11 ലക്ഷം പേർക്ക് കൂടി രോഗബാധ
കൊവിഡ് പരിശോധന കഴിഞ്ഞ ശേഷം നെഗറ്റീവാണെന്ന് ഡോക്ടര്‍ ഇയാളെ അറിയിച്ചു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയപ്പോള്‍ പോസിറ്റീവായാണ് രേഖപ്പെടുത്തിയത്. ക്യുആര്‍എസ് കോഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ പരിശോധന ഫലം ലഭ്യമായില്ല. ഇതേ തുടര്‍ന്ന് ടെസ്റ്റ് നടത്തുന്ന ജീവനക്കാരെ ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായ മറുപടിയും ലഭിച്ചില്ല. അതിനിടെ ഇയാളുമായി ബന്ധമുള്ള ചില ജീവനക്കാര്‍ നെഗറ്റീവാണെന്ന് മറുപടി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ പോയി ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതോടെ വീണ്ടും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി. അതേസമയം തനിക്കെതിരെ ഉന്നയിച്ച ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്നും തന്നെ കരുതി കൂട്ടി വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവമായ നീക്കമാണിതെന്നും സുരേഷ് ബാബു പറഞ്ഞു.