മലപ്പുറം: വിദേശ പര്യടനം കഴിഞ്ഞ് കരിപ്പൂരിലെത്തിയ പിവി അന്‍വര്‍ എംഎല്‍എ കൊവിഡ് നിയമലംഘനം നടത്തിയതായി പരാതി. കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഹാരിസ് മുതുരാണ് പരാതിക്കാരന്‍. എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപെട്ട് ആരോഗ്യ വകുപ്പിനും വകുപ്പ് മന്ത്രിക്കുമാണ് പരാതി നല്‍കിയത്.
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം നാട്ടിലെത്തിയ അന്‍വറിനെ സ്വീകരിക്കാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നൂറുകണക്കിന് പേരാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ആഫ്രിക്കയില്‍ ആയിരുന്ന അന്‍വറിന്‍റെ അസാന്നിധ്യം അദ്ദേഹത്തിന്‍റെ മണ്ഡലമായ നിലമ്പൂരില്‍ ചര്‍ച്ചയായിരുന്നു. എംഎല്‍എയെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലെത്തിയതോടെ സമൂഹമാധ്യമങ്ങളിലും ഇക്കാര്യം ചര്‍ച്ചയായി. ഇതോടെ താന്‍ ബിസിനസ് ആവശ്യാര്‍ഥം ആഫ്രിക്കന്‍ രാജ്യമായി സിയറ ലിയോണിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നും അദ്ദേഹം സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
നിലമ്പൂരില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇത്തവണയും അന്‍വര്‍ തന്നെയാണ് മത്സരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് എംഎല്‍എ വിദേശത്തേക്ക് പോയത്.