മലപ്പുറം: നിറമരുതൂർ പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ പഞ്ചായത്ത് സെക്രട്ടറി സി പി എമ്മിന് വേണ്ടി കൃത്രിമം കാണിക്കുന്നതായി യു ഡി എഫ് ഭാരവാഹികൾ ആരോപിച്ചു. ജനാധിപത്യ, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകി. 16,17 വാർഡുകളിലാണ് അനർഹരായ നിരവധി വോട്ടുകൾ ചേർത്തതായി കണ്ടെത്തിയത്. നിരവധി അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്‌തതായും പരാതിയുണ്ട്. 16-ാം വാർഡിൽ 120 വോട്ടുകളും, 17-ാം വാർഡിൽ 110 ഓളം വോട്ടുകളും അനധികൃതമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് യു ഡി എഫ് ഭാരവാഹികൾ പറഞ്ഞവ.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റി, മംഗലം പഞ്ചായത്തുകളിലെ സി പി എം പ്രവർത്തകരെയും, ഉണ്യാൽ ഭാഗത്തെ പ്രായം ആകാത്ത 15 ഓളം പേരെ ജനന തിയ്യതി വ്യക്തമാക്കാത്ത ആധാർ കാർഡ് ഉപയോഗിച്ച് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമം നടത്തിയതായും ആരോപണമുണ്ട്. 15 ഓളം വോട്ടർമാർക്ക് ഒരേ ജനന തീയതി കണ്ടപ്പോഴാണ് കൃത്രിമം നടന്നതായി ബോധ്യപ്പെട്ടതെന്ന് യു ഡി എഫ് പറയുന്നു. സി പി എമ്മിന്‍റെ അഴിമതി ഭരണത്തിനെതിരെ വിധിയെഴുതാൻ ജനങ്ങൾ തയ്യാറെടുത്തിരിക്കെ കൃത്രിമമായി സി പി എമ്മിനെ വിജയിപ്പിക്കാൻ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്നും. ഇത്തരം ജനാധിപത്യ, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ, ജില്ലാ കലക്ടർ, എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും യു ഡി എഫ് ഭാരവാഹികൾ വാർത്ത സമ്മേളളനത്തിൽ പറഞ്ഞു. നടപടികളുണ്ടായില്ലെങ്കിൽ ശക്തമായ രാഷ്ട്രീയ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ യുഡിഎഫ് ചെയർമാൻ ദാസൻ കുന്നുമ്മൽ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് കെ പി അലിക്കുട്ടി, യൂനുസ് ഉണ്യാൽ, ടി പി ജാഫർ മാസ്‌റ്റർ, കെ നാസർ എന്നിവർ പങ്കെടുത്തു