മലപ്പുറം: ജീവൻരക്ഷാ മരുന്നുകളുമായി പറന്ന് അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസും. മാമ്പാട് പുളിക്കലോടിയിൽ താമസിക്കുന്ന വെട്ടോലിൽ വീട്ടിൽ അലക്സാണ്ടറിനുവേണ്ടി അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസും പറന്നത് ശരവേഗതയിൽ. അർബുദ രോഗബാധിതനായ ഇദ്ദേഹത്തിന് അത്യാവശ്യമായി ആലുവയിൽനിന്ന് മരുന്ന് ലഭിക്കണം. ഈ കാര്യം രാവിലെ ഫയർ ആന്‍ഡ് റെസ്ക്യു സിവിൽ ഡിഫൻസിന്‍റെ മലപ്പുറം ഡിവിഷന്‍ വാർഡൻ അനൂപ് വെള്ളിലയേയും നിലമ്പൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം.അബ്ദുൽ ഗഫൂറിനെയും അറിയിച്ചു.
തുടർന്ന് ആലുവ അഗ്നി രക്ഷാ നിലയത്തിൽ നിന്നും മരുന്ന് തൃശ്ശൂരിലെത്തിച്ചു. പിന്നീട് തിരുവാലി അഗ്നി രക്ഷാ നിലയത്തിലെ ലീഡിങ് ഫയർമാൻ സുബ്രമണ്യൻ, സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ ബിബിൻ പോൾ, എന്നിവർ ചേർന്ന് മരുന്നുകൾ മകൻ സാം അലക്സാണ്ടറിന് കൈമാറി.
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുള്ളവർക്കും സിവിൽ ഡിഫൻസ് അംഗങ്ങൾ മരുന്നുകൾ നാടുകാണി അതിർത്തിയിൽ എത്തിച്ചു നൽകുകയാണ് .കിടപ്പിലായവർക്കും ആശരണർക്കും ആശാകേന്ദ്രമായിമാറുകയാണ് അഗ്നി രക്ഷാ സേനയും സിവിൽ ഡിഫൻസും.
എറണാകുളം റീജണൽ ഫയർ ഓഫീസർ കെ.കെ.ഷിജു, മലപ്പുറം ജില്ല ഫയർ ഓഫീസർ ടി.അനൂപ്, പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ ബാബുരാജ്, സിവിൽ ഡിഫൻസ് എറണാകുളം റീജണൽ വാർഡൻ ബിനു മിത്രൻ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. കൂടാതെ സിവിൽ ഡിഫൻസ് അംഗങ്ങളായ നിബിൻ, രഞ്ജിത്ത്, അജിത്ത്, ഷാജു, അൻവർ, ഫാസിൽ ബാബു, ഷംസുദ്ദീൻ കൊളക്കാടൻ എന്നിവരും ദൗത്ത്യത്തില്‍ പങ്കാളികളായി.