മലപ്പുറം: അത്ഭുതങ്ങളുടെയും അഭ്യാസങ്ങളുടെയും മായക്കാഴ്‌ചകൾ നിറഞ്ഞ, സഞ്ചരിക്കുന്ന ലോകമാണ് ഓരോ സർക്കസ് കൂടാരവും. ഒട്ടേറെ കലാകാരൻമാരുടെ ജീവിതം. ഒരേ മനസും ശരീരവുമായി അവർ റിങ്ങില്‍ നിന്ന് റിങ്ങിലേക്ക് അത്ഭുതം നിറച്ച് ഓടിമറയും. ശ്രദ്ധയൊന്ന് പാളിയാല്‍ ചിലപ്പോൾ ജീവനും ജീവിതവും അവിടെ തീർന്നു. വിവിധ ജീവിത രീതികളില്‍ ജനിച്ചുവളർന്നവർ, വ്യത്യസ്ത ഭാഷകൾ, സംസ്കാരം എല്ലാം മറന്ന് അവർ അഭ്യാസങ്ങളുമായി ഒന്നിക്കുന്നത് അന്നന്നത്തെ അന്നത്തിന് വേണ്ടിയാണ്.
അവധിക്കാലവും ഉത്സവങ്ങളുമാണ് വിവിധ ദേശങ്ങൾ സഞ്ചരിച്ചെത്തുന്ന സർക്കസ് കലാകാരൻമാരുടെ പ്രതീക്ഷ. ജീവിതത്തിലെ നല്ല ദിനങ്ങൾ പ്രതീക്ഷിച്ച് മലപ്പുറം കോട്ടക്കൽ പുത്തൂർ പാടത്ത് എത്തിയ ഒരു കൂട്ടം സർക്കസ് കലകാരൻമാരാണ് കൊവിഡ് ലോക്ക്ഡൗണില്‍ കുടുങ്ങിയത്. നൂറിലധികം പേരടങ്ങുന്ന സർക്കസ് കൂടാരം ലോക്ക്ഡൗണില്‍ നിശബ്ദമായി.
വരുമാനവും ഭക്ഷണത്തിനുള്ള വക പോലും നിലച്ചു. മാർച്ച് അവസാനം വരെ കേരളത്തില്‍ പരമാവധി പ്രകടനം നടത്തിയ ശേഷം ബെംഗളൂരുവിലേക്ക് പോകാനിരുന്ന കലാകാരൻമാരുടെ സംഘം ഇപ്പോൾ പെരുവഴിയിലാണ്. ഇനി വരുന്നത് മഴക്കാലമാണ്. വേനല്‍ മഴയില്‍ പുത്തൂർ പാടത്ത് വെള്ളം കയറിയതോടെ കലാകാരൻമാരുടെ നെഞ്ചില്‍ ആശങ്ക ഏറുകയാണ്. 40 ലോറി സാധനങ്ങളാണ് ഇവർക്ക് കേരളത്തില്‍ നിന്ന് ഇവർക്ക് കൊണ്ടുപോകാനുള്ളത്. ഭക്ഷണവും വെള്ളവും വൈദ്യുതിയും ചികിത്സയും അടക്കം 50000 രൂപയോളം ഓരോ ദിവസവും ചെലവുണ്ട്. പക്ഷേ ഇതിനൊന്നും ഇപ്പോൾ മാർഗമില്ല. താല്‍ക്കാലിക ആശ്വാസമായി ഭക്ഷണവും താമസവും നഗരസഭ നല്‍കുമെന്ന പ്രതീക്ഷയിലാണ് റിങ്ങില്‍ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കലാകാരൻമാർ.