മലപ്പുറം: ഓമാനൂരിൽ നിന്നാരംഭിച്ച് ചാലിയാറിൽ സംഘമിക്കുന്ന വലിയ തോടിന്‍റെ ശുചീകരണ പ്രവർത്തനവുമായി ചീക്കോട് പഞ്ചായത്ത്. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബുകൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ജനകീയ ശുചീകരണം. ശുചീകരണ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി സഈദ് ഉദ്ഘാടനം ചെയ്തു.
ഓമാനൂരിൽ നിന്നാരംഭിച്ച് ചാലിയാറിൽ സംഘമിക്കുന്ന വലിയ തോട് ഇപ്പോൾ നാശത്തിന്‍റെ വക്കിലാണ്. തോടിന്‍റെ ചീക്കോട് പഞ്ചായത്തിലെ ഭാഗങ്ങളാണ് വൃത്തിയാക്കുന്നത്. നിരവധി ആളുകൾ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുo ഉപയോഗിച്ചിരുന്ന തോട് വീണ്ടെടുക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ട ശുചീകരണമാണ് നടന്നത്.
തൊഴിലുറപ്പ് തൊഴിലാളികൾ സൗജന്യ സേവനമായിട്ടാണ് ശുചീകരണത്തിൽ പങ്കെടുക്കുന്നത്. അഞ്ചര കിലോമീറ്ററോളം ശുചീകരണം നടത്തി. തോട് ഇരു വശങ്ങളും കെട്ടി സംരക്ഷിക്കും. ശുചീകരണ യജ്ഞത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.