മലപ്പുറം: പി വി അൻവറിന്‍റെ ഭാര്യാപിതാവിന്‍റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കുന്നത് പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കലക്‌ടർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. അതേസമയം വിവാദ തടയണ പൊളിച്ച് ഇന്നലെ മുതൽ വെള്ളം തുറന്നു വിട്ടു തുടങ്ങിയിരുന്നു.
കഴിഞ്ഞ മാസം 21നാണ് പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്‍റെ ഉടമസ്ഥതയിലുള്ള തടയണ ഹൈക്കോടതി നിർദ്ദേശം പ്രകാരം പൊളിക്കാൻ ആരംഭിച്ചത്. 12 ദിവസമെടുത്ത് ഇതുവരെ മാറ്റിയത് 99 ക്യൂബിക് മീറ്റർ മണ്ണാണ്. നിലവിൽ നാലര മീറ്റർ വീതിയിൽ മണ്ണ് മാറ്റി തോട് കീറിയാണ് വെള്ളം പുറത്ത് ഒഴുക്കിവിടുന്നത്. കോടതി ഉത്തരവനുസരിച്ച് ആറ് മീറ്റർ വീതിയിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് 1200 ക്യൂബിക് മീറ്റർ മണ്ണ് മാറ്റണം. വീതികൂട്ടാനും മണ്ണ് മാറ്റാനും ഏഴ് മുതൽ പത്ത് ദിവസം കൂടി വേണമെന്ന് വിലയിരുത്തലാണ് ജില്ലാഭരണകൂടം. കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്‌ടർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
വനത്തിനോട് ചേർന്നുള്ള ഭൂമിയിൽ തടയണ പൊളിക്കുന്നതിന് വലിയ വെല്ലുവിളിയാണ് ഉദ്യോഗസ്ഥർ നേരിടുന്നത്. മഴയും കാട്ടാനശല്യവും, മണ്ണ് മാറ്റിയിടാൻ സ്ഥലമില്ലാത്തതും യന്ത്രങ്ങൾ പണിമുടക്കുന്നതും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നേരത്തെ രണ്ടിടങ്ങളിലായി മൂന്ന് മീറ്റർ വീതിയിൽ ചാല് കീറാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കാലതാമസമെടുക്കുന്നതിനാൽ ഒരു സ്ഥലത്ത് തന്നെ ആറുമീറ്റർ വീതി കൂട്ടാനാണ് തീരുമാനം. കലക്‌ടറുടെ നിർദ്ദേശപ്രകാരം തഹസീൽദാർ അനുവദിച്ച മുൻകൂർ തുക ഉപയോഗിച്ചാണ് പ്രവൃത്തി പുരോഗമിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് പ്രവൃത്തി പൂർത്തിയാക്കുന്നതിന് പ്രതീക്ഷിക്കുന്ന ചെലവ്. ഇത് ഉടമയിൽ നിന്ന് റവന്യൂ റിക്കവറി ചെയ്ത് ഈടാക്കാനാണ് കോടതി നിർദ്ദേശം.