മലപ്പുറം: K Rail കെ റെയിലിനെ കുറിച്ച് വളരെ ആസൂത്രിതമായാണ് മുഖ്യമന്ത്രി വ്യാജ പ്രചരണം നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നീതി ആയോഗും കേന്ദ്ര റെയിൽവേ മന്ത്രാലയവും ചോദിച്ച ഒരു ചോദ്യത്തിനും കേരളം ഇതുവരെ ഉത്തരം നൽകിയിട്ടില്ല. മുഖ്യമന്ത്രിയുടെ ശരീരഭാഷയിൽ നിന്നും വാക്കുകളിൽ നിന്നും കെ റെയിലിന് യാതൊരു അനുമതിയും ലഭിക്കില്ല എന്നതിന്‍റെ വ്യക്തമായ സൂചനയാണ് ലഭിക്കുന്നതെന്നും സുരേന്ദ്രൻ മലപ്പുറത്ത് പറഞ്ഞു.
മുഖ്യമന്ത്രി ദുരഭിമാനം കളഞ്ഞു മുന്നോട്ടുവരികയാണ് വേണ്ടത്. ഇതിന് പുറമെ അടിയന്തരമായി കെ റെയില്‍ സർവ്വേ നിർത്തിവെക്കണം. പദ്ധതി ഉപേക്ഷിച്ച് കേരളത്തിൽ കൂടുതൽ റെയിൽവേ സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്‍റെ പദ്ധതികൾ നടപ്പാക്കണം. വന്ദേഭാരത് ട്രെയിനുകൾ കേരളത്തിൽ ഓടിക്കാനുള്ള സൗകര്യങ്ങൾ മുഖ്യമന്ത്രി ചെയ്തു കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: K RAIL PROTEST | പ്രതിഷേധം ശക്തം; സംസ്ഥാനത്ത് കെ - റെയില്‍ സര്‍വേ നടപടികള്‍ നിർത്തി വച്ചു
ശ്രീലങ്ക ഇന്ന് അനുഭവിക്കുന്ന ദുരിതം സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള പദ്ധതികൾ ഉപേക്ഷിക്കണം എന്ന് പറയുന്നത്. കേന്ദ്രം ഇതുവരെ കെ.റെയിലിന് ഒരു തരത്തിലുള്ള അനുമതി നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നീതി ആയോഗും കേന്ദ്ര റെയിൽവേ മന്ത്രാലയവും ചോദിച്ച ഒരു ചോദ്യത്തിനും കേരളം ഇതുവരെ ഉത്തരം നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനുപുറമെ തട്ടിക്കൂട്ട് ടി.പി.ആറാണ് കേരളം കേന്ദ്രത്തിന് നൽകിയത്. കേരളത്തിനു നല്ലതെന്നു തോന്നുന്ന ഏത് പദ്ധതിക്കും പെട്ടെന്ന് കേന്ദ്രം അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഇല്ലാതാക്കുന്ന ഈ പദ്ധതി ഒരു നിലയിലും കേന്ദ്രം അംഗീകരിക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.