മലപ്പുറം: അരീക്കോട് കൊണ്ടോട്ടി റൂട്ടിൽ ഓടുന്ന കേയത്ത് ബസിനെ അരീക്കോട് ഐടിഐക്ക് സമീപം വിദ്യാർഥികൾ തടഞ്ഞ് നിർത്തി തൊഴിലാളികളെ മർദിക്കുകയും ബസിന്‍റെ ചില്ല് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. സംഭവത്തിൽ അരീക്കോട് പൊലീസ് കേസെടുത്തു. അരീക്കോട് പുത്തലത്ത് റോഡ് പണി നടക്കുന്നതിനാൽ ബസുകൾ ഐടിഐക്ക് സമീപത്ത് കൂടിയാണ് പോകുന്നത്. ഇവിടെ നിന്ന് കൈ കാണിച്ചിട്ടും നിർത്താതായതോടെ വിദ്യാർഥികൾ ബസ് തടയുകയായിരുന്നു. നേരത്തെ വിദ്യാർഥികൾക്ക് ചില്ലറ ബാക്കി കൊടുക്കാറില്ലെന്നും ആരോപണമുണ്ട്. തുടര്‍ന്ന് ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ വക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു.
പരിക്കേറ്റ രണ്ട് ബസ് ജീവനക്കാരെ അരീക്കോട് താലൂക്ക് ഹോസ്‌പിറ്റലിൽ എത്തിച്ചു. ബസ് തൊഴിലാളികളെ മർദിച്ച വിദ്യാർഥികളെ പിടിക്കൂടണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി, അരീക്കോട്, എടവണ്ണപ്പാറ റൂട്ടിലെ സംയുക്ത തൊഴിലാളി യൂണിയൻ പണിമുടക്കി.