മലപ്പുറം : ബെല്‍ അടിച്ചാല്‍ ഓട്ടോ നിമിഷനേരംകൊണ്ട് തൊട്ടരികില്‍ പാഞ്ഞെത്തും. യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാതെ തന്നെ അങ്ങനെ വണ്ടിയില്‍ യാത്ര ചെയ്യാം. കേള്‍ക്കുമ്പോള്‍ തന്നെ ആശ്വാസം തോന്നുന്ന ഈ വാര്‍ത്ത മലപ്പുറം പൊന്നാനി റോഡില്‍ നിന്നുള്ളതാണ്.
'ബ്ലൂടൂത്ത് ബെല്‍' സ്ഥാപിച്ചാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ ഈ ഹൈടെക് നീക്കം. യാത്രക്കാര്‍ക്ക്, കൂകി വിളിക്കാതെയും കൈകാണിക്കാതെയും പ്രായമായവര്‍ക്ക് ഉള്‍പ്പടെ റോഡ് മുറിച്ചുകടക്കാതെയും സര്‍വീസ് ലഭ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യം. പൊന്നാനി റോഡില്‍ സ്വിച്ചും ഓട്ടോ സ്റ്റാന്‍ഡിനോട് ചേര്‍ന്ന് അലാറവും സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ, യാത്രികര്‍ വന്ന് ബെല്‍ അമര്‍ത്തുന്നതോടെ നിമിഷങ്ങള്‍ക്കകമാണ് ഓട്ടോറിക്ഷ ആളുകളുടെ അടുത്തെത്തുക.
ഇന്ധന വിലവര്‍ധനവിന്‍റെ കൂടി പശ്ചാത്തലത്തില്‍ സര്‍വീസ് കുറയുന്നത് വന്‍ പ്രതിസന്ധിയാണ് ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ സൃഷ്‌ടിക്കുക. ഓട്ടം ഇല്ലാത്ത സാഹചര്യം മറികടക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. പൊന്നാനി റോഡിലെ ചൈതന്യ പച്ചക്കറി കടയ്‌ക്ക് മുന്‍വശത്തെ വൈദ്യുതി പോസ്റ്റിലാണ് സ്വിച്ച് സ്ഥാപിച്ചിട്ടുള്ളത്. മറ്റ് റോഡുകളിലും ഈ രീതിയില്‍ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ഡ്രൈവര്‍മാര്‍.