മലപ്പുറം: ജില്ലയിലെ പക്ഷിപ്പനി പ്രതിരോധ പ്രവർത്തന നടപടികൾ തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു. കോഴികൾക്കുള്ള നഷ്‌ടപരിഹാരത്തുക ഈ മാസം 31ന് മുമ്പ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മലപ്പുറം കലക്‌ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്ന് മുതൽ 60 ദിവസം പ്രായമായ കോഴികളെ 100 രൂപ വീതവും രണ്ട് മാസത്തിലധികം പ്രായമുള്ള കോഴികൾക്ക് 200 രൂപ വീതവും കോഴിമുട്ട ഒന്നിന് അഞ്ച് രൂപ വിലയും അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നഷ്‌ടപരിഹാരത്തുക വർധിപ്പിക്കണമെന്ന കാര്യം സർക്കാർ പരിഗണിക്കും. ഈ മേഖലയിൽ രണ്ടുമാസം വരെ കോഴി ഇറച്ചി കടകൾക്കും മുട്ട വില്‍പന കേന്ദ്രങ്ങൾക്കും നിരോധനം തുടരും. ജനങ്ങളെ ബോധവൽക്കരിക്കാൻ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ വീടുകൾ തോറും ലഘുലേഖകൾ വിതരണം ചെയ്യുവാനും യോഗത്തിൽ തീരുമാനമായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ, ജില്ലാ കലക്‌ടർ ജാഫർ മാലിക് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.