മലപ്പുറം : കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്‍റ് സ്റ്റുഡൻസ് യൂണിയൻ പുറത്തിറക്കിയ മാഗസിൻ വിവാദത്തിൽ. പ്രധാനമന്ത്രിയെ കളിയാക്കാനും മതവികാരം വ്രണപ്പെടുത്താനും മാഗസിൻ ശ്രമിക്കുന്നെന്ന ആരോപണവുമായി ക്യാമ്പസിലെ ബിജെപി അനുകൂല തൊഴിലാളി യൂണിയനും എബിവിപിയും രംഗത്ത്. ഇതോടെ മാഗസിന്റെ വിതരണം നിർത്തിവെക്കാൻ രജിസ്ട്രാർ ഉത്തരവിട്ടു. യൂണിവേഴ്സിറ്റി ക്യാംപസിൽ എസ്എഫ്ഐ ഭരിക്കുന്ന ഡിപ്പാർട്ട്മെന്‍റ് സ്റ്റുഡൻസ് യൂണിയൻ ആണ് ''പോസ്റ്റ് ട്രൂത്ത്'' എന്ന പേരിൽ മാഗസിൻ പുറത്തിറക്കിയത് .
മാഗസിൻ ഹിന്ദു- മുസ്ലിം മത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നും പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എബിവിപി സർവകലാശാലയിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതേത്തുടർന്ന് മാഗസിൻ പരിശോധിക്കുകയും വിതരണം തത്കാലത്തേക്ക് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി രജിസ്ട്രാർ അറിയിച്ചു. മാഗസിൻ പിൻവലിക്കണോ എന്ന കാര്യം ഇതിനായി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കിട്ടിയതിന് ശേഷം തീരുമാനിക്കും. അതേ സമയം മാഗസിനെ കുറിച്ച് പ്രതികരിക്കാൻ മാഗസിൻ എഡിറ്റർ ഉൾപ്പെടുന്ന കമ്മിറ്റിയോ എസ്എഫ്ഐയോ തയ്യാറായിട്ടില്ല.