മലപ്പുറം: കൊവിഡ് കാലത്ത് സേവ്യർ വരയ്ക്കാൻ തുടങ്ങിയപ്പോൾ കാൻവാസില്‍ വിരിഞ്ഞത് ലോക്ക്ഡൗൺ ജീവിതങ്ങളാണ്. " ഈ നാടിനൊപ്പം പ്രതിരോധ പ്രവർത്തനത്തില്‍ പങ്കാളിയായ ആരോഗ്യ പ്രവർത്തകയുമായ അമ്മയെ കാത്ത് നില്‍ക്കുന്ന കുഞ്ഞ്. അതിർത്തി അടച്ചതോടെ മറുഭാഗത്ത് ഉമ്മയെ കാണാൻ കാത്ത് നില്‍ക്കുന്ന കുട്ടി. ഷെൽട്ടർ ഹോമിൽ കഴിയുന്ന സ്‌ത്രീക്ക് ബിരിയാണി കിട്ടിയപ്പോൾ ആർത്തിയോടെ കഴിക്കുന്ന ചിത്രം. ഇങ്ങനെ സേവ്യർ ചിത്രകൂടത്തിന്‍റെ കരങ്ങളില്‍ പിറന്ന ലോക്ക് ഡൗൺ കാലത്തെ ചിത്രങ്ങൾ നിരവധിയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടകൾ തുറക്കാത്തതിനാല്‍ കാൻവാസ് കിട്ടാനില്ലാത്ത സങ്കടം മാത്രമാണ് സേവ്യറിനുള്ളത്. പക്ഷേ വരയ്ക്കാതിരിക്കാൻ സേവ്യറിനാകില്ല. കാൻവാസില്ലെങ്കില്‍ പേപ്പർ മതിയാകും. വാളയാറിലെ പെൺകുട്ടികൾ, മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്‍റെ ചിത്രം എന്നിവ വരച്ച് നേരത്തെ ശ്രദ്ധ നേടിയ സേവ്യർ പതിനഞ്ചോളം ചിത്രങ്ങളാണ് ഈ ലോക്ക് ഡൗൺ കാലത്ത് വരച്ചത്.
22 വർഷമായി തിരൂരിൽ ചിത്രകല ആർട്ടിസ്റ്റായി ജോലി ചെയ്യുകയാണ് സേവ്യർ ചിത്രകൂടം. കുട്ടികൾക്കായി രൂപീകരിച്ച യങ്ങ് ആർട്ടിസ്റ്റ് ഗ്രൂപ്പിന്‍റെ സാരഥി കൂടിയാണ് 78 കാരനായ സേവ്യർ. എറണാകുളം പറവൂരിന് സമീപം ഗോതുരുത്തില്‍ ജനിച്ച സേവ്യർ, ചിത്രകല പഠിക്കാൻ വീട്ടുകാർ അനുവദിക്കാത്തതിനെ തുടർന്ന് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ നാടുവിട്ടു പോയതാണ്. വിവിധ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങി, കണ്ടു പഠിച്ചാണ് ചിത്രകാരൻ ആയത്.