മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതിയായ അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത് രഹസ്യ ഓപ്പറേഷനിലൂടെയെന്ന് മലപ്പുറം എസ്പി. പയ്യന്നൂരിനടുത്ത് പെരിങ്ങയിൽ നിന്നായിരുന്നു അന്വേഷണസംഘം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്. കരിപ്പൂരില്‍ കടത്തിക്കൊണ്ട് വന്ന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തില്‍ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട വിവരം അന്വേഷണസംഘത്തിന് നേരത്തെ ലഭിച്ചിരുന്നു.
അര്‍ജുന്‍ ആയങ്കിയുടെ സമൂഹമാധ്യമ പോസ്‌റ്റുകളും മറ്റും കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളൊഴിയെയുള്ള സ്ഥലങ്ങളിലെത്തി പ്രതിയുമായി ബന്ധമുണ്ടെന്ന് സൂചനയുള്ളവരെ കണ്ടെത്തി ചോദ്യം ചെയ്‌തു. ഇക്കാര്യം മാധ്യമങ്ങളില്‍ നിന്നും രഹസ്യമാക്കിവെച്ച ശേഷമാണ് ആയങ്കിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
രാമനാട്ടുകരയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സ്വര്‍ണക്കടത്ത് കേസിലും അര്‍ജുന്‍ ആയങ്കിക്ക് പങ്കുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ കേസില്‍ ഇയാളെ പ്രതി ചേര്‍ക്കും. അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെ നാല് പേരാണ് ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. കണ്ണൂർ അഴീക്കോട് സ്വദേശി പ്രണവ്, കണിച്ചേരി സ്വദേശി സനൂജ് തിരുവനന്തപുരം വെമ്പായം സ്വദേശി നൗഫല്‍ എന്നിവരാണ് പൊലീസ് കസ്‌റ്റഡിയിലുള്ളത്.
പിടിയിലായ നൗഫലുമായി ചേര്‍ന്ന് കാക്കനാട് വീട് വാടകയ്‌ക്കെടുത്താണ് കേരളത്തിലെ വിവിധ ജില്ലകളിലെ ക്വട്ടേഷന്‍ സംഘങ്ങളെ അര്‍ജുന്‍ ആയങ്കി നിയന്ത്രിച്ചിരുന്നത്. സംഘത്തിലുള്ള മറ്റുള്ളവരെ പിടിച്ചതറിഞ്ഞ് അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ അവസരം ഒരുക്കിയത് നൗഫലാണെന്നും അന്വേഷണസംഘം അറിയിച്ചു. ഇയാളുടെ വാഹനവും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
ഓഗസ്‌റ്റ് 11 ന് കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് നിന്നും അനധികൃതമായി കടത്തിക്കൊണ്ട് വന്ന സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ എത്തിയ അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തിലുള്ള കവര്‍ച്ച സംഘത്തിലെ 5 പേരെ നേരത്തെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് കവര്‍ച്ച ചെയ്‌ത സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ നിന്നും രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു.
കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന കവര്‍ച്ചകളില്‍ സംഘത്തിന്‍റെ പങ്കും അന്വേഷിച്ചു വരികയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി കാപ്പ ചുമത്താനുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Also Read:കരിപ്പൂർ സ്വർണ കവർച്ച കേസ് : അർജുൻ ആയങ്കി അറസ്‌റ്റിൽ