മലപ്പുറം: ഊർങ്ങാട്ടിരി തെരട്ടമ്മൽ കടവിൽ അനധികൃതമായി മണല്‍ക്കടത്തിയ ലോറി പിടികൂടി. അരീക്കോട് പൊലീസാണ് ലോറി പിടികൂടിയത്. കണ്ടാലറിയുന്ന 15 പേർക്കെതിരെ കേസെടുത്തു.
പൊലീസിനെ കണ്ട സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അരീക്കോട് ഇൻപെക്ടർ എ.ഉമേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ലോറിയും മണലും പിടികൂടുകയായിരുന്നു. കടത്തി കൊണ്ടുപോകുന്നതിനായി ലോറിയിൽ കയറ്റിയ നിലയിലായിരുന്ന മണലാണ് പൊലീസ് പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ തെരച്ചിലിൽ നാല് കടവുകളിൽ നിന്നായി 50 ലോഡ് മണലും പൊലീസ് പിടിച്ചെടുത്തു.
വരും ദിവസങ്ങളിൽ അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്‍റെ തീരുമാനം. ഇൻസ്പെക്ടർ എ.ഉമേഷ്, എസ്.ഐ കെ.ആർ രമിൻ, ജൂനിയർ എസ്.ഐ വിവേക്, സിപിഒ പി.ടി രഞ്ജു, അനീഷ് ബാബു, സുകുമാരൻ ബിനോസ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.