മലപ്പുറം: വാരിയന്‍കുന്നത്തെ താലിബാന് തീവ്രവാദി എന്നു വിളിച്ച ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടിയ്ക്കെതിരെ യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്കി.
അബ്‌ദുല്ലക്കുട്ടിയുടെ പരാമര്‍ശം സമൂഹത്തില്‍ ഭിന്നത സൃഷ്ടിച്ച് വര്‍ഗീയ കലാപത്തിനും സാമുദായിക ധ്രുവീകരണത്തിനും ഇടയാക്കുന്നതാണെന്ന് തിരൂരങ്ങാടി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. കുഞ്ഞഹമ്മദ് ഹാജിയെ അപമാനിക്കുന്നത് ഒരു സമുദായത്തെ അപമാനിക്കലാണെന്നും പരാതിയില്‍ പറയുന്നു.
കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ താലിബാന്‍റെ ആദ്യത്തെ തലവനായിരുന്നുവെന്നും ഭഗത് സിങ്ങിനോട് ഉപമിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നുമായിരുന്നു പരാമര്‍ശം. സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും വാരിയം കുന്നനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും വെള്ളപൂശാന്‍ ശ്രമിക്കുന്നു. വാരിയം കുന്നന് സ്‌മാരകം ഉണ്ടാക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. കര്‍ഷക സമരമല്ല സ്വാതന്ത്യസമരവുമല്ല, അത് ഹിന്ദു വേട്ടയായിരുന്നു. വംശഹത്യയായിരുന്നെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും മലബാർ കലാപത്തെ ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നുവരുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) ആണ് മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരത്തിൽ നിന്നും ഒഴിവാക്കാനുള്ള ശിപാർശ മുന്നോട്ട് വച്ചത്. മലബാര്‍ സമര നേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ എന്നിവരുള്‍പ്പെടെ 387 പോരാളികളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് നീക്കംചെയ്യാനാണ് കേന്ദ്ര സർക്കാർ പദ്ധതി.