മലപ്പുറം: മുസ്‌ലിം ലീഗിന്‍റെ നിയന്ത്രണത്തിലുള്ള ആനക്കയം സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ യുഡി ക്ലർക്ക് കെവി സന്തോഷ് കുമാറിന്‍റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് വള്ളിക്കാപ്പറ്റയിലെ വീട്ടിൽ വിജിലൻസ് പരിശോധനയ്‌ക്ക് എത്തിയത്. കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ സന്തോഷ് കുമാറിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയതായാണ് വിവരം.
Also Read: ഇന്ത്യൻ വനിത ഹോക്കി ടീം താരങ്ങള്‍ക്ക് കാറും വീടും ; പ്രഖ്യാപനവുമായി സാവ്‌ജി ധോലാക്യ
പിടിച്ചെടുത്ത രേഖകൾ വിജിലൻസ് കോടതിയിൽ സമർപ്പിക്കും. ആനക്കയം സർവീസ് സഹകരണ ആറരക്കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ആരോപണം. 232 നിക്ഷേപകരിൽ നിന്ന് പലപ്പോഴായി വാങ്ങിയ പണം അക്കൗണ്ടിൽ നിക്ഷേപിക്കാതെ പാസ്ബുക്കിൽ എഴുതി വ്യാജ രസീത് നൽകുകയായിരുന്നു. 2018ൽ ആണ് കേസിന് ആസ്പദമായ സംഭവും നടന്നത്.
പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് പലർക്കും തട്ടിപ്പ് മനസിലായത്. സംഭവത്തിൽ കുറ്റകാരനെന്ന് കണ്ടെത്തിയ യു.ഡി ക്ലർക്ക് കെ.വി. സന്തോഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇയാളുടെ ഭൂമി ബാങ്ക് ഏറ്റെടുക്കുകയും ചെയ്തു. ഇത് വിലപ്പന നടത്തി നിക്ഷേപകരുടെ പണം തിരികെ നൽകാമെന്നായിരുന്നു ബാങ്കിന്‍റെ വാഗ്ദാനം. എന്നാൽ ഇത്രയും നാളായിട്ടും ബാങ്കിന്‍റെ ഭാഗത്ത് നിന്നും പണം നൽകാനുള്ള നടപടി ഉണ്ടായിട്ടില്ല.
ഭൂമി വിൽക്കുന്നതിൽ നിന്നും ജോയിൻ രജിസ്ട്രാർ തടഞ്ഞെന്നും അനുമതി തേടി ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് ബാങ്ക് ഭരണസമിതിയുടെ വിശദീകരണം. എന്നാൽ യുഡി ക്ലാർക്കിനെ കരുവാക്കി ലീഗ് നേതൃത്വത്തിലുള്ള ഭരണ സമിതി ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.