മലപ്പുറം: കോഴിക്കോട് നിന്ന് അടിയന്തിരമായി പത്ത് വയസുകാരിയുമായി തിരുവനന്തപുരം ആര്‍.സി.സിയിലേക്ക് പുറപ്പെട്ട ആംബുലന്‍സ് ചേളാരിയില്‍ തകരാറിലായതോടെ ദൗത്യമേറ്റടുത്ത് കുട്ടിയെ ആശുപ്രത്രിയിലെത്തിക്കാനായതിന്റെ ആശ്വാസത്തിലാണ് ചെമ്മാട്ടെ രണ്ട് ആംബുലന്‍സ് ഡ്രൈവർമാർ . രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് കുന്നമംഗലം സ്വദേശിയായ മിന്‍ഹ ജെബിനെന്ന കുരുന്നിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് തിരുവനന്തപുരം ആര്‍.സി.സിയിലേക്ക് കൊണ്ടുപോയത്.
ചെമ്മാട്ടെ ആംബുലന്‍സ് ഡ്രൈവര്‍മാരായ സത്താറും പ്രശോഭുമാണ് കുട്ടിയുടെ ജീവന് കരുണയുടെ സൈറണ്‍ മുഴക്കി ദൗത്യം പൂര്‍ത്തിയാക്കിയത്. അഞ്ച് മണിക്കൂറും 40 മിനിറ്റുമെടുത്ത് ഇവർ കുട്ടിയെ ആശുപ്രത്രിയിലെത്തിച്ചത്. ചെമ്മാട് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് ആംബുലന്‍സ് സര്‍വ്വീസ് നടത്തുന്നവരാണ് ഇരുവരും. ദൗത്യം പൂര്‍ത്തിയാക്കാന്‍ കിലോമീറ്ററുകള്‍ നീണ്ട വഴിയൊരുക്കാന്‍ പൊലീസും ട്രോമാകെയര്‍ വളണ്ടിയര്‍മാരുമുണ്ടായിരുന്നു. വഴികളിലെ തടസങ്ങള്‍ മാറ്റി കുട്ടിയുടെ ജീവനായി നാട് കൈകോര്‍ത്തത് മറക്കാനാകാത്ത അനുഭവമാണെന്ന് ഇരുവരും പറയുന്നു.