മലപ്പുറം: നിർമ്മിതി വീട് നിർമാണത്തിൽ അഴിമതി നടക്കുന്നതായി ആരോപണം. നിർമ്മിതി വീടുകൾക്ക് സുരക്ഷയില്ലെന്ന് ആദിവാസി കുടുംബം പറഞ്ഞിരുന്നു. ട്രൈബൽ വില്ലേജിലെ ലക്ഷമിയും, മകൻ അനീഷുമാണ് നിർമ്മിതി വീടുകൾ വാസയോഗ്യമല്ലെന്ന് പരാതിപ്പെട്ടത്. ഇതേതുടർന്ന് വീട് നിർമാണത്തിലെ അഴിമതിയ്ക്കെതിരെ കോൺഗ്രസും രംഗത്തെത്തി. 2018 ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട ചാലിയാർ മതിൽ മൂല കോളനിയിലെ ആദിവാസി കുടുംബങ്ങളെയാണ് കണ്ണംകുണ്ട് ട്രൈബൽ വില്ലേജിൽ പുനരധിവസിപ്പിക്കുന്നത്.
7.20 ലക്ഷം രൂപ എസ്റ്റിമേറ്റിലാണ് ജില്ലാ നിർമ്മിതികേന്ദ്രം വീടുകൾ നിർമിക്കുന്നത്. ടൂറിസം റിസോട്ട് പോലയാണ് വീടുകളുടെ ഡിസൈൻ. ജനലുകൾ ഇല്ലാത്ത വീടിന്‍റെ ഭിത്തിയിൽ വലിയ ദ്വാരങ്ങൾ ഇട്ടിരിക്കുന്നതും ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു. കാട്ടാന, കാട്ടുപന്നി, കുരങ്ങുകൾ, വിഷപാമ്പുകൾ എന്നിവയുടെ കേന്ദ്രമായ ഇവിടെ വീടുകളുടെ ഭിത്തിയിൽ വലിയ ദ്വാരങ്ങൾ ഉള്ളത് ഭയപ്പെടുത്തുന്നതായി അനീഷ് പറഞ്ഞു.
അതേസമയം, പദ്ധതിക്ക് നേതൃത്വം നൽകിയ സബ് കലക്ടർ അരുൺകുമാർ അടക്കമുള്ളവർ നിർമ്മിതിക്ക് കരാർ നൽകി അഴിമതി നടത്തിയെന്ന് യുഡിഎഫ് നേതാക്കളായ സുരേഷ്തോണിയിൽ, തോണിക്കടവൻ ഷൗക്കത്ത്, പൂക്കോടൻ നൗഷാദ് എന്നിവർ ആരോപിച്ചു. ആദിവാസികളുടെ ആഗ്രഹപ്രകാരമുള്ള വീടുകളാണ് നിർമിച്ച് നൽകേണ്ടത്. നിലവിലെ പ്രശ്നം പരിഹരിച്ചില്ലെക്കിൽ ശക്തമായ സമരം നടപടികൾ സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു.