തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയുടെ മൂന്നാം ദിനത്തില്‍ ആവേശത്തോടെ മാറി മറയുകയാണ് റിസൾട്ടുകൾ. അതോടൊപ്പം റെക്കോഡുകളും തിരുത്തി എഴുതപ്പെടുകയാണിപ്പോള്‍. മൂന്നാം ദിനം ജാവലിൻ ത്രോ സീനിയർ ഗേൾസ് വിഭാഗത്തിൽ ആദ്യ മീറ്റ് റെക്കോഡ് നേടിയിരിക്കുകയാണ് ഐശ്വര്യ സുരേഷ്.
നിലവിൽ സ്‌കൂൾ നിരയിൽ മുന്നിൽ നിന്നിരുന്ന എറണാകുളം ജില്ലയിലെ മാർബേസിൽ കോതമംഗലം സ്‌കൂളിനെ പിന്നിലാക്കിക്കൊണ്ടാണ് മലപ്പുറത്തുകാരി ഐശ്വര്യയുടെ മുന്നേറ്റം. മലപ്പുറം ഐഡിയൽ ഇഎച്ച്‌എസ്‌എസ് കടക്കാശ്ശേരിയിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് ഐശ്വര്യ.
ജാവലിൻ ത്രോയിൽ ഉണ്ടായിരുന്ന 35 മീറ്റർ എന്ന റെക്കോഡിനെ 38.16 എന്ന റെക്കോഡിനാലാണ് ഐശ്വര്യ ഭേദിച്ചത്. നാഷണല്‍ മത്സരങ്ങളിലടക്കം നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത ഐശ്വര്യക്ക് അനവധി റെക്കോഡുകളും നേടാനായിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ നിന്ന് മൂന്ന് വര്‍ഷത്തിനിടെ ഇത് നാലാമത്തെ മെഡലാണ് ഐശ്വര്യക്ക് സ്വന്തമാക്കാനായത്.
കടക്കാശ്ശേരി സ്വദേശിയായ ചെത്ത് തൊഴിലാളി സുരേഷ് ഭാസ്‌കറിന്‍റെ മകളാണ് ഐശ്വര്യ. വിജയങ്ങള്‍ ഓരോന്നും കൈയെത്തി പിടിക്കുമ്പോള്‍ ഐശ്വര്യക്ക് നന്ദി പറയാനുള്ളത് തനിക്ക് പ്രചോദനമായ മാതാപിതാക്കള്‍ക്കും കോച്ച് നതീഷ് ചാക്കോയോടുമാണ്.