മലപ്പുറം: ഈ സ്‌നേഹത്തിന് നജ്‌മുദീൻ എടവണ്ണക്കാരോട് നന്ദി പറയുന്നത്, ഇന്നലത്തേക്കാൾ മധുരമുള്ള ജിലേബി ഉണ്ടാക്കി നല്‍കിയാകും. മനുഷ്യ സ്നേഹം മധുരമായി നിറഞ്ഞൊഴുകിയ കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. നിലമ്പൂരിനടുത്ത് എടവണ്ണ കുന്നുമ്മലില്‍ റോഡരില്‍ ജിലേബി ഉണ്ടാക്കി വിറ്റാണ് നജ്‌മുദീന്‍റെ ജീവിതം.
പതിവുപോലെ ഇന്നലെയും നജ്‌മുദീൻ കട തുറന്നു. പക്ഷേ പെട്ടെന്നാണ് റോഡരികില്‍ നിന്ന നജ്‌മുദീനെ ഒരു വാഹനം വന്നിടിക്കുന്നത്. വളരെ വേഗം നാട്ടുകാർ ഓടിക്കൂടി ആ മനുഷ്യനെ ആശുപത്രിയിലെത്തിച്ചു. അവിടെ അവസാനിച്ചില്ല, ആ നാടിന്‍റെ മനുഷ്യത്വം.
നജ്‌മുദീൻ ആശുപത്രിയിലായതോടെ ജിലേബിക്ക് തയ്യാറാക്കിവെച്ചിരുന്ന മാവ് കേടാകുമെന്ന് മനസിലാക്കിയ നാട്ടുകാര്‍ ജിലേബിക്കട ഏറ്റെടുത്തു. ജിലേബി ഉണ്ടാക്കിയും വിൽപ്പന നടത്തിയും എന്നത്തെയും പോലെ കച്ചവടം പൊടിപൊടിച്ചു. ജിലേബി കഥയ്‌ക്ക് പിന്നിലെ കാരുണ്യത്തിന്‍റെ കഥയറിഞ്ഞ വഴിയാത്രക്കാർ ജിലേബി വാങ്ങിയും സഹായമായി.
വൈകിട്ട് ഏഴരയ്‌ക്ക് തുടങ്ങിയ കച്ചവടം അവസാനിച്ചപ്പോൾ രാത്രി പത്തര. കിട്ടിയത് 5000 രൂപ. രണ്ടു മാസമായി പാതയോരത്ത് മധുരം നല്‍കിയ നജ്‌മുദ്ദീന് എടവണ്ണക്കാർ തിരിച്ചു നല്‍കിയത് കാരുണ്യത്തിന്‍റെ സ്നേഹ മധുരം. ഈ മനുഷ്യരിലാണ് ഈ നാടിന്‍റെ പ്രതീക്ഷ.