മലപ്പുറം: ലോക്‌ഡൗൺ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പരിശോധന ശക്തമാക്കിയതായി പൊലീസ്. തമിഴ്‌നാട്ടിലേക്ക് കാൽനടയായി പോയിരുന്ന ഏഴ് ഇതര സംസ്ഥാന തൊഴിലാളികളെ മലപ്പുറം കൂട്ടിലങ്ങാടിയിൽ തടയുകയും സമീപത്തെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റുകയും ചെയ്‌തു. ആകെ 65 കേസുകളാണ് നിരോധനാജ്ഞാ ലംഘനത്തിന്‍റെ പേരിൽ ജില്ലയിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. 107 പേർ അറസ്റ്റിലാവുകയും 17 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. ആരോഗ്യ ജാഗ്രതാനിർദേശം ലംഘിച്ചതിന് 44 കേസുകൾ വേറെയുമുണ്ട്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നിരത്തുകളിൽ ആളുകൾ കുറവാണ്. അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് അനുമതി. സംസ്ഥാന-ജില്ലാ അതിർത്തികൾ അടച്ചതോടെ കർശന നിരീക്ഷണത്തിന് ശേഷമാണ് ഓരോരുത്തരെയും കടത്തിവിടുന്നത്. ജില്ലയിൽ 10,515 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 55 പേർ ആശുപത്രിയിലും 26 പേർ കൊവിഡ് സെന്‍ററുകളിലും 10,434 പേർ വീടുകളിലും നിരീക്ഷണത്തിലുമാണ്. വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന അഞ്ച് പേരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.